അച്ചു ഉമ്മന്‍ തട്ടിപ്പ് നടത്തിയിട്ടില്ല, എന്നിട്ടും CPM സൈബര്‍ഗുണ്ടകള്‍ അധിക്ഷേപിക്കുന്നു – സതീശന്‍

തിരുവനന്തപുരം: അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സി.പി.എമ്മിൻ്റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടിയുടെ മകളെന്ന പരിഗണന പോലും നൽകാതെയാണ് അച്ചു ഉമ്മനേയും കുടുംബത്തേയും അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് വൃത്തികേടും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം. എന്നും പക്ഷേ ഒരു കാരണവശാലും അവർ വിജയിക്കില്ല എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കണ്ടന്റ് ക്രിയേഷനാണ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ ജോലി. അതിന്റെ ഭാഗമായി അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ മോശമായ അടിക്കുറിപ്പോടെ സി.പി.എം പ്രചരിപ്പിക്കുകയാണ്. അച്ചു ഉമ്മന്‍ ഒരു സര്‍വീസും ചെയ്യാതെ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരും അവര്‍ ദുരുപയോഗം ചെയ്തിട്ടില്ല. കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിയെ പോലും വെറുതെ വിടുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മകളെന്ന പരിഗണന പോലും കൊടുക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ സി.പി.എം നേതാക്കളുടെ അറിവോടെ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും അധിക്ഷേപിച്ചത് പോലെ സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഒരു പെണ്‍കുട്ടിയെ ഹീനമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സി.പി.എം. പക്ഷെ ഒരു കാരണവശാലും അവര്‍ വിജയിക്കില്ല. ഇതെല്ലാം ഒരു തിരിച്ചടിയായി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ധിക്കും.- സതീശൻ പറഞ്ഞു. വീണ വിജയനെതിരെ കോണ്‍ഗ്രസല്ല, ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് പരിശോധന നടത്തിയത്. അവരുടെ അപ്പീല്‍ പോലുമില്ലാത്ത വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എവിടെയാണ് തട്ടിപ്പ് നടത്തിയത്? വീണയുടെ പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകളെ അധിക്ഷേപിക്കുകയാണ്. ഞങ്ങളാരും വീണ വിജയനെ അധിക്ഷേപിച്ചിട്ടില്ല. ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ ഇ.ഡിയും വിജിലന്‍സും കേസെടുക്കേണ്ടതാണ്. പക്ഷെ അവര്‍ അതിന് തയാറാകുന്നില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള സൗഹാര്‍ദ്ദമാണ് ഇതിന് കാരണം. എന്നിട്ടും ബി.ജെ.പിയുമായി യു.ഡി.എഫ് കൂട്ടുകൂടിയെന്നാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗത്തിന് ബി.ജെ.പി പിന്തുണ നല്‍കി. അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്തിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണത്തെ താഴയിറക്കിയ പാര്‍ട്ടിയുടെ നേതാവാണ് പിണറായി വിജയന്‍. കോട്ടയം നഗരസഭയിലെ യു.ഡി.എഫ് ഭരണവും ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം താഴെയിറക്കി. പാലക്കാട് പിരിയാരിയില്‍ ബി.ജെ.പിയുമായി ചേര്‍ന്നാണ് സി.പി.എം പ്രസിഡന്റായത്. റാന്നിയിലും കോഴഞ്ചേരിയിലുമൊക്കെ ബി.ജെ.പിയുമായി കൂട്ട് ചേര്‍ന്നവരാണ് ഇതൊക്കെ മറച്ച് വച്ച് യു.ഡി.എഫിനെതിരെ പറയുന്നത്. ഇതിനൊക്കെ നല്ല തൊലിക്കട്ടി വേണം. ബി.ജെ.പിയുമായി സന്ധി ചെയ്തതിനാല്‍ മാസപ്പടി കേസിലും ലൈഫ് മിഷന്‍ കേസിലുമൊന്നും ഇ.ഡി അന്വേഷണമുണ്ടാകില്ലെന്നും ഇതിന് പകരമായി കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ രക്ഷിച്ചുവെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

