യാത്രക്കാരെ പിഴിഞ്ഞ് ഫ്‌ലെക്‌സി നിരക്ക്; 30% വരെ അധികം, ഓണക്കാലം മുതലെടുത്ത് KSRTC

ഓണമാഘോഷിക്കാന്‍ അതിര്‍ത്തികടന്നെത്തുന്നവരെ പിഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി.യുടെ ഫ്‌ലെക്‌സി നിരക്ക്. അവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് യഥാര്‍ഥനിരക്കിന്റെ മുപ്പതുശതമാനംവരെ യാത്രക്കാരില്‍നിന്ന് അധികമായി ഈടാക്കുന്നത്. സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് 161 രൂപയാണ് സാധാരണ സൂപ്പര്‍ ഡീലക്‌സിലെ നിരക്ക്. പ്രത്യേക സര്‍വീസുകളില്‍ 211 രൂപ നല്‍കണം. ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് മുതലെടുക്കുകയാണ് ഫ്‌ലെക്‌സി നിരക്കിന്റെ ലക്ഷ്യം. കര്‍ണാടക ആര്‍.ടി.സി. നേരത്തേതന്നെ ഇങ്ങനെ അധിക നിരക്ക് ഈടാക്കാറുണ്ട്. കെ.എസ്.ആര്‍.ടി.സി. അടുത്ത കാലത്താണ് തിരക്കേറുന്ന സമയത്ത് നിരക്ക് കൂട്ടാന്‍ തുടങ്ങിയത്. അവധിയാഘോഷിക്കാന്‍ കിട്ടിയ വണ്ടിയില്‍ നാടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് അധികബാധ്യതയാവുന്നുവെന്നാണ് ആക്ഷേപം. ഓണത്തിരക്ക് കണക്കിലെടുത്ത് 60-65 ഷെഡ്യൂളുകളാണ് കോഴിക്കോട് കേന്ദ്രമായി കെ.എസ്.ആര്‍.ടി.സി. അധികമായി ഏര്‍പ്പെടുത്തിയത്. 15 സര്‍വീസ് കോഴിക്കോട് യൂണിറ്റില്‍ നിന്നുമാത്രമായി ഓടുന്നുണ്ട്. ബെംഗളൂരു, തിരുവനന്തപുരം ഭാഗങ്ങളിലേക്കാണ് പ്രത്യേകവണ്ടികള്‍ ഓടിക്കുന്നത്. ഇതില്‍ അന്തസ്സംസ്ഥാന സര്‍വീസുകളിലാണ് ഫ്‌ലെക്‌സി നിരക്കുള്ളത്. പ്രത്യേക സര്‍വീസുകളില്‍ മിക്കപ്പോഴും കേരളത്തിലേക്ക് മാത്രമാണ് യാത്രക്കാരുണ്ടാവുകയെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. ബെംഗളൂരു ഭാഗത്തേക്ക് മിക്കപ്പോഴും കാലിവണ്ടിയാണ് ഓടേണ്ടിവരാറുള്ളത്. ഈ നഷ്ടം നികത്തലാണ് ഫ്‌ലെക്‌സി നിരക്ക് ഏര്‍പ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു. 2.20 കോടി രൂപയാണ് കോഴിക്കോട് സോണിലെ ദിനംപ്രതിയുള്ള ടാര്‍ഗറ്റ് എങ്കിലും ശനിയാഴ്ചയും ഇതു കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2.15 കോടിയാണ് ശനിയാഴ്ചത്തെ വരുമാനം. സര്‍വീസുകളെല്ലാം സമയത്തിന് തിരിച്ചെത്താത്തതാണ് ഇതിലൊരു കാരണം. ദീര്‍ഘദൂര സര്‍വീസുകള്‍ പലതും ഗതാഗതക്കുരുക്കും മറ്റും കാരണം അര്‍ധരാത്രി കഴിഞ്ഞാണ് തിരിച്ചെത്തിയത്. സാധാരണഗതിയില്‍ ഉത്സവ സീസണിലാണ് ടാര്‍ഗറ്റ് തികയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയാറുള്ളത്.

