KSDLIVENEWS

Real news for everyone

ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് കോടതിയിൽ ഹാജരാകണം

SHARE THIS ON

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം. ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നിലനില്‍ക്കുമോയെന്നു വിചാരണയിലാണ് വ്യക്തമാകേണ്ടതെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിനു വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി. 2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ച തിരുവനന്തപുരം അഡി. സെഷൻസ് കോടതി നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ ശ്രീറാം സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിലെ എല്ലാ കാര്യങ്ങളും പരിഗണിച്ച സെഷൻസ് കോടതി നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നു വിധിച്ചിരുന്നതായി ശ്രീറാമിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. നരഹത്യ ചുമത്താനുള്ള തെളിവുകൾ കേസിലില്ല. മദ്യപിച്ചെന്നു ശാസ്ത്രീയ പരിശോധനാ ഫലമില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. വിചാരണ നടക്കേണ്ട കേസാണിതെന്നും തെളിവുകളുണ്ടോയെന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!