KSDLIVENEWS

Real news for everyone

കരുവന്നൂര്‍: കുഴല്‍നാടനും സ്പീക്കറും തമ്മില്‍ സഭയില്‍ വാക്‌പോര്, മൈക്ക് ഓഫാക്കി, ദൃശ്യംനീക്കി

SHARE THIS ON

തിരുവനന്തപുരം: നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും സ്പീക്കര്‍ എ.എന്‍ ഷംസീറും തമ്മില്‍ വാക്‌പോര്. കേരള സഹകരണ സംഘം ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കുഴല്‍നാടന്‍ സഭയില്‍ വായിച്ചതിനെ സ്പീക്കര്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. വാക്‌പോര് നടന്ന സമയത്തെ ദൃശ്യം സഭാ ടിവിയില്‍നിന്ന് നിക്കി. തര്‍ക്കഭാഗം ഒഴിവാക്കിയാണ് വീഡിയോ സഭാ ടിവി പിന്നീട് സംപ്രേഷണംചെയ്തത്. ഭരണപക്ഷവും സ്പീക്കറും എതിര്‍ത്തിട്ടും കരുവന്നൂരിലെ ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങളില്‍ കുഴല്‍നാടന്‍ സംസാരം തുടര്‍ന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബില്ലിലേക്ക് വരണമെന്നും ഇക്കാര്യം സഭയില്‍ സംസാരിക്കേണ്ടതില്ലെന്നും താങ്കള്‍ ഒരു അഭിഭാഷകല്ലേ മിനിമം മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കം നടന്നു. സഭയില്‍ അല്ലാതെ ഇത് എവിടെയാണ് വായിക്കേണ്ടതെന്നും കുഴല്‍നാടന്‍ സ്പീക്കറോട് തിരിച്ചുചോദിച്ചു. ഇതോടെ കൂടുതല്‍ ക്ഷുഭിതനായ സ്പീക്കര്‍ കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇതിനുശേഷം സംസാരിക്കാന്‍ എഴുന്നേറ്റ കെകെ രമയും ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു. നരേന്ദ്ര മോദിയുടെ സഭയില്‍ ആണോ ഇരിക്കുന്നതെന്ന സംശയം തനിക്കിപ്പോള്‍ ഉണ്ടെന്ന് രമ പറഞ്ഞു. സ്പീക്കര്‍ അടക്കം ബഹളംവെച്ച് കുഴല്‍നാടന്റെ പ്രസംഗം തടസ്സപ്പെടുത്തിയതും മൈക്ക് ഓഫ് ചെയ്തതും ശരിയായില്ലെന്നും രമ പറഞ്ഞു. അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും രമ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!