KSDLIVENEWS

Real news for everyone

യാത്രക്കാർക്ക് ദുരിതം തീർത്ത് റോഡ്; കാസർകോട് നഗരമധ്യത്തിൽ നടുവൊടിക്കും വൻകുഴികൾ

SHARE THIS ON

കാസർകോട്: റോഡിൽ കുഴികളുണ്ടാകുന്നത് അപൂർവമല്ല. എന്നാൽ, ആളപായമുണ്ടാകുംവിധം വൻകുഴികൾ രൂപപ്പെട്ടാലും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ എന്തുചെയ്യും.

കാസർകോട് നഗരഹൃദയത്തിലെ റോഡുകളിൽ യാത്രചെയ്താൽ നടുവൊടിയാതെ രക്ഷപ്പെട്ടാൽ ഭാഗ്യം. പുതിയ ബസ് സ്റ്റാൻഡിൽനിന്നും എം.ജി. റോഡിലേക്ക് കടന്നാൽ യാത്രക്കാരെ വീഴ്ത്തുന്നതാണ് കുഴികൾ. അവിടുന്ന് തുടങ്ങി പഴയ ബസ് സ്റ്റാൻഡ് ചുറ്റി വന്നാൽ റോഡിലെ കുഴികൾ എണ്ണിയെടുക്കാമെന്നതാണ് അവസ്ഥ.

എം.ജി. റോഡ് തുടങ്ങുന്നിടത്തുള്ള കുഴി ഓരോ ദിവസവും ആഴംകൂടി വരുന്നുണ്ട്. സ്ഥിരം യാത്രക്കാരല്ലാത്തവർ അതുവഴി വന്നാൽ കുഴിയിൽ ചാടി വാഹനത്തിന്റെ നട്ടും ബോൾട്ടും ഇളകുന്ന സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ദൂരെനിന്നും കാണാത്തതിനാൽ പെട്ടെന്നാണ് ബ്രേക്ക് ചവിട്ടേണ്ടിവരുന്നത്. അറിയാതെങ്ങാനും കുഴിയിൽ വീണാൽ വാഹനത്തിന് മാത്രമല്ല, യാത്രക്കാർക്കും പരിക്കുറപ്പ്. ഗാതഗതത്തിരക്കുള്ള സമയത്ത് കുഴി വെട്ടിച്ച് വാഹനമോടിക്കാനും കഴിയില്ല.


പ്രസ്‌ക്ലബ് ജങ്ഷനിൽ റോഡിൽ കൊരുപ്പുകട്ട പാകിയ ഭാഗത്തും കുഴിയാണ്. കട്ടകൾ ഇളകിത്തുടങ്ങിയിട്ടുമുണ്ട്. നേരത്തേ അവിടെ റോഡ് കുത്തിപ്പൊളിച്ചത് വിമർശനത്തിനിടയാക്കിയിരുന്നു. ട്രാഫിക് സിഗ്നൽ ഉള്ളതിനാലും കാഞ്ഞങ്ങാട്ടേക്ക് വളഞ്ഞുപോകേണ്ടതിനാലും വാഹനങ്ങൾ പതുക്കെ പോകുന്നതിനാൽ അപകടങ്ങളുണ്ടാകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.

പഴയ ബസ് സ്റ്റാൻഡ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നേരത്തേയുണ്ടായ ചെറിയ കുഴിയുടെ ആഴവും നീളവും കൂടിവന്നു. ഇടക്കൊരിക്കൽ കുഴിയടച്ചിരുന്നെങ്കിലും മഴയത്ത് ഇളകി. ഇപ്പോൾ ജില്ലി റോഡാകെ പരന്നനിലയിലാണ്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.


താലൂക്ക് ഓഫീസ് കഴിഞ്ഞ് കെ.പി.ആർ.റാവു റോഡ് തുടങ്ങുന്ന ഭാഗത്തും പ്രധാന റോഡിന്റെ നടുക്കാണ് കുഴിയുള്ളത്. തിരക്കേറെയുള്ളതും പഴയ ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞുപോകുന്നതുമായ റോഡിൽ അപകടസാധ്യതയേറെയാണ്. തൊട്ടപ്പുറത്ത് ജില്ലാ ബാങ്കിന് മുന്നിൽനിന്നും പ്രസ് ക്ലബ് ജങ്ഷനിലേക്ക് വരുന്ന റോഡിലും സ്ഥിതി മറിച്ചല്ല. നേരത്തേ നഗരസഭ കോൺക്രീറ്റ് ചെയ്ത റോഡിലും ചെറിയ കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കണ്ണിൽപൊടിയിട്ടിട്ട്‌ കാര്യമില്ല

റോഡുകളുടെ അവസ്ഥ വാർത്തയാകുമ്പോൾ പിറ്റേന്നുതന്നെ കുഴിയടക്കുമെങ്കിലും അതിന് അധികകാലം ആയുസ്സുണ്ടാകുന്നില്ല. മഴയായതിനാൽ കുഴിയടയ്ക്കുന്ന മിശ്രിതം വേഗം ഇളകിപ്പോകുന്നു.

ടാറിങ് പോലും നിൽക്കുന്നില്ല. കുഴികളുണ്ടായ ഭാഗത്ത് കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ കുറച്ചുകാലമെങ്കിലും പ്രശ്നമൊന്നുമില്ലാതെ വാഹനമോടിക്കാമെന്നാണ് യാത്രക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!