തുടര്‍ച്ചയായ നാലാം വിജയവുമായി ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താനെ 149 റണ്‍സിന് തകര്‍ത്തു

ചെന്നൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിതക്കുതിപ്പ് തുടര്‍ന്ന് ന്യൂസീലന്‍ഡ്. അഫ്ഗാനിസ്താനെ 149 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ നാലാം മത്സരത്തിലും ന്യൂസീലന്‍ഡ് വിജയമാഘോഷിച്ചു. കിവീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 34.4 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താന് ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നിലനിര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ അഫ്ഗാന് മേല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 27 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 11 റണ്‍സെടുത്ത ഗുര്‍ബാസിനെ ക്ലീന്‍ ബൗള്‍ഡാക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ 14 റണ്‍സെടുത്ത സദ്രാനെ ട്രെന്റ് ബോള്‍ട്ട് മടക്കി. മൂന്നാമനായി വന്ന റഹ്‌മത്ത് ഷായാണ് അഫ്ഗാനുവേണ്ടി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലാമനായി വന്ന നായകന്‍ ഹഷ്മത്തുളള ഷഹീദി വീണ്ടും നിരാശപ്പെടുത്തി. താരം എട്ടുറണ്‍സെടുത്ത് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച അസ്മത്തുള്ള ഒമര്‍സായിയും റഹ്‌മത്ത് ഷായും ചേര്‍ന്ന് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 97-ല്‍ നില്‍ക്കെ 27 റണ്‍സെടുത്ത ഒമര്‍സായിയും വീണു. പിന്നാലെ റഹ്‌മത്ത് ഷായും പുറത്തായതോടെ അഫ്ഗാന്‍ പോരാട്ടം അവസാനിച്ചു. 36 റണ്‍സെടുത്ത റഹ്‌മത്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആറാമനായി വന്ന ഇക്രം അലിഖില്‍ 19 റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (8), മുജീബുര്‍ റഹ്‌മാന്‍ (4), നവീന്‍ ഉള്‍ ഹഖ് (0), ഫസല്‍ഹഖ് ഫറൂഖി (0) എന്നിവര്‍ അതിവേഗം പുറത്തായതോടെ അഫ്ഗാന്‍ 34.4 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി. കിവീസിനായി മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മാറ്റ് ഹെന്റിയും രചിന്‍ രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കിവീസിനെ ഗ്ലെന്‍ ഫിലിപ്‌സും ടോം ലാഥവും ചേര്‍ന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 144 റണ്‍സ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ടീം സ്‌കോര്‍ 30-ല്‍ നില്‍ക്കേ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത താരത്തെ മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 109-ല്‍ എത്തിച്ചു. വില്‍ യങ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. എന്നാല്‍ അസ്മത്തുള്ള ഒമര്‍സായിയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു. മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്രീസിലുറച്ച രചിനെ ക്ലീന്‍ ബൗള്‍ഡാക്കി ഒമര്‍സായി വരവറിയിച്ചു. 32 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വില്‍ യങ്ങിനെ ഇക്രമിന്റെ കൈയ്യിലെത്തിച്ച് ഒമര്‍സായി കൊടുങ്കാറ്റായി. 64 പന്തില്‍ 54 റണ്‍സ് നേടിയശേഷമാണ് യങ് ക്രീസ് വിട്ടത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് താരം അഞ്ചുപന്തുകള്‍ക്കിടയില്‍ വീഴ്ത്തിയത്. പിന്നാലെ വന്ന ഡാരില്‍ മിച്ചലിനും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത മിച്ചലിനെ റാഷിദ് ഖാന്‍ പുറത്താക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഗ്ലെന്‍ ഫിലിപ്‌സും നായകന്‍ ടോം ലാഥവും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് കിവീസിനെ രക്ഷിച്ചു. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് കിവീസിനെ മുന്നില്‍ നിന്ന് നയിച്ചു. ഫിലിപ്‌സ് ആക്രമിച്ച് കളിച്ചപ്പോള്‍ ലാഥം അതിന് പിന്തുണ നല്‍കി. ലാഥത്തെ സാക്ഷിയാക്കി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധസെഞ്ചുറി നേടി ടീം സ്‌കോര്‍ 200 കടക്കുകയും ചെയ്തു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും അഫ്ഗാന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. പിന്നാലെ ലാഥവും അര്‍ധസെഞ്ചുറി നേടി. ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തില്‍ കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചു. 48-ാം ഓവറിലെ ആദ്യ പന്തില്‍ ഫിലിപ്‌സിനെ പുറത്താക്കി നവീന്‍ ഉള്‍ ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. 80 പന്തില്‍ നാല് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 71 റണ്‍സെടുത്ത ശേഷമാണ് ഫിലിപ്‌സ് ക്രീസ് വിട്ടത്. ലാഥത്തിനൊപ്പം 144 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് താരം ക്രീസ് വിട്ടത്. അതേ ഓവറിലെ മൂന്നാം പന്തില്‍ ലാഥത്തെ ക്ലീന്‍ ബൗള്‍ഡാക്കി നവീന്‍ ഉശിരുകാട്ടി. 74 പന്തില്‍ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 68 റണ്‍സെടുത്താണ് ലാഥം പുറത്തായത്. ഫിലിപ്‌സിന് പകരം വന്ന ചാപ്മാന്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ കിവീസ് സ്‌കോര്‍ കുതിച്ചു. ചാപ്മാന്‍ വെറും 12 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അഫ്ഗാനുവേണ്ടി നവീന്‍ ഉള്‍ ഹഖ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

