78-ാം സെഞ്ചുറിയുമായി കിങ് കോലി, ബംഗ്ലാദേശിനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യ

പുണെ:78-ാം സെഞ്ചുറിയുമായി സൂപ്പര്‍ താരം വിരാട് കോലി.. ലോകകപ്പിലെ തുടര്‍ച്ചയായ നാലാം വിജയവുമായി ഇന്ത്യ…ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്? 2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന സൂപ്പര്‍ താരം വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. കളിയിലെ താരമായി കോലിയെ തിരഞ്ഞെടുത്തു. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ അനായാസം ബാറ്റുചെയ്തു. രോഹിത്തായിരുന്നു കൂടുതല്‍ ആക്രമണകാരി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് രണ്ട് റണ്‍സകലെ രോഹിത് വീണു. 40 പന്തില്‍ ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 48 റണ്‍സെടുത്ത രോഹിത്തിനെ ഹസന്‍ മഹമൂദ് പുറത്താക്കി. രോഹിത്തിന് പകരം സൂപ്പര്‍ താരം വിരാട് കോലിയാണ് ക്രീസിലെത്തിയത്. കോലിയും അനായാസം ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യ വീണ്ടും ഡ്രൈവിങ് സീറ്റിലായി. കോലിയെ സാക്ഷിയാക്കി ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. ലോകകപ്പിലെ താരത്തിന്റെ ആദ്യ അര്‍ധശതകമാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ ഷോട്ട് കളിച്ച ഗില്‍ മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. 55 പന്തില്‍ അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലൊന്നിച്ച കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ കോലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. താരത്തിന്റെ 69-ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം അര്‍ധശതകം കൂടിയാണിത്. എന്നാല്‍ മറുവശത്ത് ശ്രേയസ് നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത താരം അനാവശ്യ ഷോട്ട് കളിച്ച് മെഹ്ദി ഹസന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ശ്രേയസ്സിന് പകരം വന്ന രാഹുല്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു. രാഹുലും കോലിയും തകര്‍ത്തടിക്കാന്‍ തുടങ്ങി. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കോലിയ്ക്ക് അത് സ്വന്തമാക്കാനുള്ള അവസരം രാഹുല്‍ ഒരുക്കി. രാഹുലിന്റെ ഈ തീരുമാനം ആരാധകരുടെ മനം കവര്‍ന്നു. ഒടുവില്‍ ആ നിമിഷം വന്നെത്തി. നസും അഹമ്മദിന്റെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ സിക്‌സടിച്ച് വിരാട് കോലി സെഞ്ചുറി നേടി.ഒപ്പം ഇന്ത്യ ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി. വിരാട് കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ചുറിയും ഏകദിനത്തിലെ 48-ാം സെഞ്ചുറിയുമാണിത്. കോലി 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 103 റണ്‍സെടുത്തും രാഹുല്‍ 34 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളും അവസാന ഓവറുകളിലെ മഹ്‌മുദുള്ളയുടെ ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ ടീം ഫിസിയോ എത്തി താരത്തെ പരിശോധിച്ചു. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്. ലിട്ടണെക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് യുവതാരം തന്‍സിദാണ്. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ തന്‍സിദിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 43 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തന്‍സിദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 97-ല്‍ എത്തിയിരുന്നു. പിന്നാലെ ലിട്ടൺ ദാസും അർധസെഞ്ചുറി നേടി. തന്‍സിദിന് പകരം നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ ക്രീസിലെത്തി. എന്നാല്‍ വെറും എട്ടുറണ്‍സെടുത്ത താരത്തെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ബംഗ്ലാദേശ് പതറി. പിന്നാലെ വന്ന മെഹ്ദി ഹസ്സൻ മിറാസിനും ക്രീസിലുറച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസ് മാത്രമെടുത്ത മിറാസിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ബംഗ്ലാദേശ് വലിയ തിരിച്ചടി നേരിട്ടു. വിക്കറ്റ് നഷ്ടപ്പെടാതെ 97 റൺസ് എന്ന സ്കോറിൽ നിന്ന് മൂന്നിന് 129 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വഴുതിവീണു. മിറാസിന് പുറകേ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ ലിട്ടൺ ദാസും മടങ്ങി. 88 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ 66 റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മികച്ച തുടക്കത്തിനുശേഷം ബംഗ്ലാദേശ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടു. പിന്നീട് ക്രീസിലൊന്നിച്ച തൗഹിദ് ഹൃദോയിയും മുഷ്ഫിഖുർ റഹീമും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ടീം സ്കോർ 179-ൽ നിൽക്കേ ഹൃദോയിയെ ശാർദൂൽ ഠാക്കൂർ പുറത്താക്കി. 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സീനിയര്‍ താരങ്ങളായ മുഷ്ഫിഖുര്‍ റഹീമും മഹ്‌മുദുള്ളയും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചുവന്ന മുഷ്ഫിഖുറിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 38 റണ്‍സെടുത്ത താരം ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എട്ടാമനായി വന്ന നസും അഹമ്മദിനെ ചേര്‍ത്തുനിര്‍ത്തി മഹ്‌മുദുള്ള അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് നസുമും മഹ്‌മുദുള്ളയ്ക്ക പിന്തുണയേകി. എന്നാല്‍ 47-ാം ഓവറിലെ അഞ്ചാം പന്തില്‍ നസുമിനെ രാഹുലിന്റെ കൈയ്യിലെത്തിച്ച് സിറാജ് ബംഗ്ലാദേശിന് തിരിച്ചടി നല്‍കി. 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന വെറ്ററന്‍ താരം മഹ്‌മുദുള്ളയുടെ ഉശിരന്‍ പ്രകടനമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഒടുവില്‍ അവസാന ഓവറില്‍ ബുംറയുടെ അത്യുഗ്രന്‍ യോര്‍ക്കറില്‍ മഹ്‌മുദുള്ള ക്ലീന്‍ ബൗള്‍ഡായി. 36 പന്തില്‍ 46 റണ്‍സെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. ഷൊറീഫുളും (7) മുസ്താഫിസുറും (1) പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

