KSDLIVENEWS

Real news for everyone

ഇംഗ്ലണ്ടിനു പിന്നാലെ പാകിസ്താനെയും വീഴ്ത്തി അഫ്ഗാന്റെ തേരോട്ടം

SHARE THIS ON

ചെന്നൈ: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ കരുത്തരായ പാകിസ്താനെയും മുട്ടുകുത്തിച്ച് അഫ്ഗാനിസ്താന്റെ കുതിപ്പ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് അഫ്ഗാന്‍, പാകിസ്താനെ തകര്‍ത്തുവിട്ടത്. പാകിസ്താന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരോവര്‍ ശേഷിക്കേ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതാദ്യമായാണ് അഫ്ഗാന്‍ ലോകകപ്പില്‍ രണ്ട് ജയങ്ങള്‍ നേടുന്നത്. ഈ ലോകകപ്പില്‍ അഫ്ഗാന്‍ നേടുന്ന രണ്ടാം ജയമാണിത്. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി. Close Player ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, റഹ്‌മത്ത് ഷാ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്. 283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. റഹ്‌മാനുള്ള ഗുര്‍ബാസ് – ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യം 21.1 ഓവറില്‍ 130 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ അഫ്ഗാന്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. പിന്നാലെ 53 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 65 റണ്‍സെടുത്ത ഗുര്‍ബാസിനെ മടക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്‌മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്താന്‍ വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്‍ അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്‌മത്ത് ഷാ – ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 93 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. 84 പന്തുകള്‍ നേരിട്ട റഹ്‌മത്ത് ഷാ 77 റണ്‍സോടെയും 45 പന്തുകള്‍ നേരിട്ട ഷാഹിദി 48 റണ്‍സോടെയും പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അബ്ദുല്ല ഷഫീഖിന്റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇന്നിങ്‌സുകളും വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്ത ഷദാബ് ഖാന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും ഇന്നിങ്‌സുകളാണ് പാകിസ്താനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 92 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും നാല് ഫോറുമടക്കം 74 റണ്‍സെടുത്ത ബാബറാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. അബ്ദുല്ല ഷഫീഖ് 75 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 58 റണ്‍സെടുത്തു. ഇമാം ഉള്‍ ഹഖും (17), മുഹമ്മദ് റിസ്‌വാനും (8), സൗദ് ഷക്കീലും (25) വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയപ്പോള്‍ ക്രീസില്‍ ഉറച്ചുനിന്ന ബാബറാണ് സ്‌കോര്‍ ചലിപ്പിച്ചത്. ബാബര്‍ പുറത്തായ ശേഷം ആറാം വിക്കറ്റില്‍ ഒന്നിച്ച ഷദാബ് ഖാന്‍ – ഇഫ്തിഖര്‍ അഹമ്മദ് സഖ്യമാണ് പാകിസ്താനെ 250 കടത്തിയത്. 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പാക് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. ഇഫ്തിഖര്‍ 27 പന്തില്‍ നിന്നും ഷദാബ് 38 പന്തില്‍ നിന്നും 40 റണ്‍സ് വീതം നേടി. അഫ്ഗാനായി നൂര്‍ അഹമ്മദ് മൂന്നും നവീന്‍ ഉള്‍ ഹഖ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!