പരാജയഭാരം കുറച്ച് മഹ്‌മദുള്ളയുടെ ഒറ്റയാള്‍പോരാട്ടം;ബംഗ്ലാദേശിനെ 149 റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക

മുംബൈ: കളിയുടെ എല്ലാ മേഖലകളിലും ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ നാലാം ജയം. 149 റണ്‍സിനാണ് ബംഗ്ലാദേശിനെ പ്രോട്ടീസ് തകര്‍ത്തുവിട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 46.4 ഓവറില്‍ 233 റണ്‍സിന് ഓള്‍ഔട്ടായി. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ മഹ്‌മദുള്ളയുടെ ഒറ്റയാള്‍ പോരാട്ടമാണ് ബംഗ്ലാദേശിന്റെ പരാജയ ഭാരം ഇത്രയെങ്കിലും കുറച്ചത്. ഒരു ഘട്ടത്തില്‍ ആറിന് 81 റണ്‍സെന്ന നിലയിലുണ്ടായിരുന്ന ബംഗ്ലാ സ്‌കോര്‍ 200 കടത്തിയത് മഹ്‌മദുള്ളയുടെ ഇന്നിങ്‌സാണ്. 111 പന്തില്‍ നിന്ന് നാല് സിക്‌സും 11 ഫോറുമടക്കം 111 റണ്‍സെടുത്ത മഹ്‌മദുള്ള ഒമ്പതാമനായാണ് പുറത്തായത്. അഞ്ച് മത്സരങ്ങളില്‍ ബംഗ്ലാദേശിന്റെ നാലാം തോല്‍വിയാണിത്. ടീമിന്റെ സെമി സാധ്യതയും ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് കളിയുടെ തുടക്കത്തില്‍ ഒരു ഘട്ടത്തില്‍ പോലും പോസിറ്റീവായ സമീപനമുണ്ടായിരുന്നില്ല. തന്‍സിദ് ഹസന്‍ (12), ലിട്ടണ്‍ ദാസ് (22) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (0), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (1), മുഷ്ഫിഖുര്‍ റഹീം (8) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വാലറ്റത്ത് മഹ്‌മദുള്ളയ്ക്ക് അല്‍പമെങ്കിലും പിന്തുണ നല്‍കിയ മെഹിദി ഹസന്‍ മിറാസ് (11), നസും അഹമ്മദ് (19), ഹസന്‍ മഹ്‌മൂദ് (15), മുസ്തഫിസുര്‍ റഹ്‌മാന്‍ (11) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാ സ്‌കോര്‍ 233-ല്‍ എങ്കിലും എത്താന്‍ കാരണമായത്. നേരത്തേ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്‌കോര്‍ 300 കടക്കുന്നത്. ഇതില്‍ തന്നെ മൂന്ന് തവണ സ്‌കോര്‍ 350 കടന്നു. ഡിക്കോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു പ്രോട്ടീസ് ഇന്നിങ്സിലെ പ്രത്യേകത. ഒരു ഘട്ടത്തില്‍ ഇരട്ട സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സായിരുന്നു ഡിക്കോക്കിന്റേത്. 140 പന്തില്‍ നിന്ന് ഏഴ് സിക്സും 15 ഫോറുമടക്കം 174 റണ്‍സെടുത്ത താരത്തെ പക്ഷേ 46-ാം ഓവറില്‍ ഹസന്‍ മഹ്‌മൂദ് പുറത്താക്കുകയായിരുന്നു. ഈ ലോകകപ്പില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു ഇത്. കരിയറിലെ 20-ാമത്തേതും. ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഡിക്കോക്ക് സ്വന്തമാക്കി. ലോകകപ്പിലെ മൂന്നാം സെഞ്ചുറിയോടെ ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടവും ഡിക്കോക്കിനെ തേടിയെത്തി. റീസ ഹെന്റിക്സ് (12), റാസ്സി വാന്‍ഡെര്‍ ദസ്സന്‍ (1) എന്നിവരെ പെട്ടെന്ന് നഷ്ടമായിടത്തുനിന്നാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് കരുത്തറിയിച്ചത്. ആദ്യം മൂന്നാം വിക്കറ്റില്‍ ഡിക്കോക്ക് – മാര്‍ക്രം സഖ്യം 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പ്രോട്ടീസ് കളംപിടിച്ചു. 69 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മാര്‍ക്രം പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ ഡിക്കോക്കിനൊപ്പം വെടിക്കെട്ടിന് പേരുകേട്ട ഹെന്‍ റിച്ച് ക്ലാസനെത്തിയതോടെ പ്രോട്ടീസ് ഇന്നിങ്സ് ടോപ് ഗിയറിലായി. 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇടയ്ക്ക് ഡിക്കോക്ക് മടങ്ങിയെങ്കിലും ക്ലാസന്‍ അടി തുടര്‍ന്നു. 49 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസന്‍ 90 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് അതിവേഗം 65 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയ ശേഷമാണ് സെഞ്ചുറിക്ക് 10 റണ്‍സകലെ താരം മടങ്ങിയത്. മില്ലറാകട്ടെ 15 പന്തില്‍ നിന്ന് നാല് സിക്സറടക്കം 34 റണ്‍സടിച്ചു.

