വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവർഗരതി എന്നിവ കുറ്റകരമാക്കാൻ പാർലമെന്ററി സമിതിയുടെ ശുപാർശ

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവർഗരതി എന്നിവ കുറ്റകരമാക്കുന്നത് കേന്ദ്രം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി സമിതിയുടെ കരട് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാരിന് കൈമാറാൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ കരടിലാണ് ഈ ശുപാർശ. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതാണ് റിപ്പോർട്ടിലെ ശുപാർശ. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തിൽ വിവാഹേതര ലൈംഗിക ബന്ധം (IPC 497), സ്വവർഗ ലൈംഗിക ബന്ധം (IPC 377) തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 2018-ൽ ഇവ രണ്ടും കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭാരതീയ ശിക്ഷാനിയമത്തിൽ ഇവ ഒഴിവാക്കിയത്. എന്നാൽ, ഭാരതീയ ശിക്ഷാനിയമം പരിശോധിച്ച പാർലമെന്ററി സമിതി യോഗത്തിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ആവശ്യം ഉയർന്നു. വിവാഹം പരിശുദ്ധമാണ്. അതിനാൽ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സമിതിയിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്നാണ് സുപ്രീം കോടതി റദ്ദാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാർശ കേന്ദ്രത്തിന് കൈമാറാൻ സമിതി തീരുമാനിച്ചത്

