KSDLIVENEWS

Real news for everyone

ലോകകപ്പില്‍ വീണ്ടും ഓറഞ്ച് ചിരി; തുടര്‍ച്ചയായ 5-ാം തോല്‍വിയോടെ ബംഗ്ലാദേശ് പുറത്തേക്ക്

SHARE THIS ON

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ ബംഗ്ലാദേശും വീണു. 87 റണ്‍സിന്റെ ജയം നേടിയ നെതര്‍ലന്‍ഡ്‌സ് ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം ജയം കുറിച്ചു. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 42.2 ഓവറില്‍ 142 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ പോള്‍ വാന്‍ മീകരന്‍ ഡച്ച് ടീമിനായി ബൗളിങ്ങില്‍ തിളങ്ങി. ബാസ് ഡി ലീഡ രണ്ട് വിക്കറ്റെടുത്തു. 230 റണ്‍സെന്ന അത്ര വലുതല്ലാത്ത ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്താന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. 40 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസാണ് അവരുടെ ടോപ് സ്‌കോറര്‍. മഹ്‌മദുള്ള (20), പത്താമനായ മുസ്തഫിസുര്‍ റഹ്‌മാന്‍ (20) എന്നിവരാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ലിട്ടണ്‍ ദാസ് (3), നജ്മുള്‍ ഹുസൈന്‍ ഷാന്റോ (9), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (5), മുഷ്ഫിഖുര്‍ റഹീം (1) എന്നിവരെല്ലാം തീര്‍ത്തും പരാജയമായി. തന്‍സിദ് ഹസന്‍ (15), മഹെദി ഹസന്‍ (17), ടസ്‌കിന്‍ അഹമ്മദ് (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 229 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 89 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് ഡച്ച് ടീമിന്റെ ടോപ് സ്‌കോറര്‍. 41 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 41 വെസ്ലി ബരേസി, 61 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സൈബ്രാന്റ് ഏംഗല്‍ബ്രെക്റ്റ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലോഗന്‍ വാന്‍ബീക് 23 റണ്‍സ് നേടി. ബംഗ്ലാദേശിനായി ഷോരിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!