ആന്ധ്രയില്‍ എക്സ്പ്രസ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽനിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു. മാസങ്ങൾക്ക് മുമ്പ് ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 280 പേർ കൊല്ലപ്പെട്ടിരുന്നു, നടുക്കം വിട്ടുമാറുന്നതിനുമുമ്പാണ് വീണ്ടും അപകടം.

