1600 വിദ്യാർഥികളിൽ 960 പേർക്കും സൈക്കിൾ: ട്രിൻ… ട്രിൻ ടു ഉദിനൂർ ഹയർ സെക്കണ്ടറി സ്കൂൾ

ഉദിനൂർ : ഈ നാട് ഉണരുന്നത് ഇടതടവില്ലാതെ കേൾക്കുന്ന സൈക്കിൾബെല്ലിലാണ്. ‘ സൈക്കിൾ സ്കൂളെന്ന് പതിറ്റാണ്ടായി ഖ്യാതിനേടിയ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ സൈക്കിൾബെല്ലിലാണ് ഉദിനൂർ ദേശം ഉണരുന്നത്. ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളുടെ സൈക്കിൾയാത്രയ്ക്ക് കാൽനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഇത്രയധികം വിദ്യാർഥികൾ സൈക്കിളിൽ സ്കൂളിലെത്തുന്നതും അപൂർവമാണ്. എട്ടുമുതൽ 12-ാം ക്ലാസുവരെയായി 1600 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ 960 കുട്ടികൾ സ്കൂളിലെത്തുന്നത് സൈക്കിളിലാണ്. ബസ് സൗകര്യമില്ലാത്ത തീരദേശ പഞ്ചായത്തുകളിൽനിന്ന് പോലും കുട്ടികളെത്തുന്നത് സൈക്കിളിലാണ്. യാത്രാസൗകര്യം എന്നതിനപ്പുറം കായികക്ഷമതയും ഉറപ്പാക്കുന്നു എന്നതാണ് സൈക്കിൾയാത്രയ്ക്ക് രക്ഷിതാക്കളും അധ്യാപരും നാട്ടുകാരും പിന്തുണ നൽകാൻ കാരണം. ഇതോടൊപ്പം പരിസ്ഥിതിസംരക്ഷണവും സാധ്യമാകുന്നു. ഗതാഗതനിയന്ത്രണത്തിന് എസ്.പി.സി. കാഡറ്റുകളും സൈക്കിളുകൾക്ക് പ്രത്യേക രജിസ്റ്റർ സൂക്ഷിച്ച് പ്രത്യേകം രജിസ്റ്റർ നമ്പർ നൽകിവരുന്നു. ഓരോ സൈക്കിളിലും നമ്പർ അടങ്ങിയ അടർത്തിയെടുക്കാൻ പറ്റാത്ത സ്റ്റിക്കർ പതിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ സൈക്കിൾ തിരിച്ചറിയാൻ എളുപ്പത്തിൽ സാധിക്കുന്നു. മോഷണവും നടക്കില്ല.

