15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാജസ്ഥാനിൽ ഇ.ഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരനിൽനിന്ന് 15 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതെന്ന് ആന്റി കറപ്ഷൻ ബ്യൂറോ അറിയിച്ചു.
നോർത്ത് ഇംഫാൽ ഇ.ഡി ഓഫിസറായ നവൽ കിഷോർ മീണയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി കറപ്ഷൻ ബ്യൂറോ നിരവധിയിടങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്.
വിദേശ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ ഇ.ഡി ചോദ്യം ചെയ്ത് ദിവസങ്ങൾക്കകമാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഒൻപതു മണിക്കൂറോളമാണ് ഇ.ഡി വൈഭവിനെ ചോദ്യം ചെയ്തത്. സംഭവം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ഗെലോട്ട് പ്രതികരിച്ചിരുന്നു

