KSDLIVENEWS

Real news for everyone

മലപ്പുറം കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്; ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയുമായി മുന്നോട്ടുപോകാന്‍ എ ഗ്രൂപ്പ്

SHARE THIS ON



മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരില്‍ ഇന്ന് നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി നടത്തരുതെന്ന് കെ.പി.സി.സി അറിയിച്ചതോടെ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്.

പരിപാടി നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.

മണ്ഡലം പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിനുശേഷമാണ് മലപ്പുറം കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായത്. പുനഃസംഘടനയില്‍ തഴയപ്പെട്ട എ ഗ്രൂപ്പ് ഫലസ്തീൻ ഐകൃദാര്‍ഢ്യ സമ്മേളനത്തിലൂടെ ശക്തി തെളിയിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, ഡി.സി.സിയുടെ ഔദ്യോഗിക പരിപാടി കഴിഞ്ഞതാണെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരില്‍ മറ്റൊരു ഫലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യമില്ലെന്നുമാണ് കെ.പി.സി.സി നിലപാട്.

സമാന്തരമായി പരിപാടി സംഘടിപ്പിച്ചാല്‍ അത് വിഭാഗീയ പ്രവര്‍ത്തനമായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധകൃഷ്ണൻ അയച്ച കത്തില്‍ പറയുന്നു. എന്നാല്‍, ഫലസ്തീൻ പരിപാടി വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും, പരിപാടിയുമായി മുന്നോട്ടുപോകുമെന്നും ആര്യാടൻ ഫൗണ്ടേഷൻ ചെയര്‍മാൻ സി. ഹരിദാസ് അറിയിച്ചു. ഇതിലേക്കു പരമാവധി പ്രവര്‍ത്തകരെ എത്തിക്കാണ് എ ഗ്രൂപ്പ് ശ്രമം.


മറുവശത്ത് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കാനാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അടക്കമുള്ളവരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!