KSDLIVENEWS

Real news for everyone

150 കോടി രൂപയുടെ നിക്ഷേപം 10 പദ്ധതികളുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി അനന്തപുരം, മടിക്കൈ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച്; ജില്ല വ്യവസായ കുതിപ്പിലേക്ക്

SHARE THIS ON

കാസർകോട് : ജില്ലാപഞ്ചായത്തും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച റൈസിങ് കാസർകോടിന്റെ ഭാഗമായി വ്യാവസായിക മേഖലയിൽ കുതിച്ചുചാട്ടം. ഇതിനകം ജില്ലയിലെത്തിയത് 150 കോടി രൂപയുടെ നിക്ഷേപം. നിക്ഷേപകസംഗമത്തിൽ അന്തിമമാക്കിയ 10 പദ്ധതികളുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. റബ്ബർ ലാറ്റക്സ് ഉത്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട കാക്കോജൻ ഇന്ത്യ, പ്രൈഡന്റ് ഇന്ത്യ കമ്പനികൾ, മടിക്കൈ, മുന്നാട് എന്നിവിടങ്ങളിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ, കോട്ടപ്പുറം കായൽ ടൂറിസം റിസോർട്ട്, യൂബോൺ ഡെയറി പ്രോജക്ട് എന്നിവ ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. അനന്തപുരം, മടിക്കൈ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം സംരംഭങ്ങളും പ്രവർത്തിക്കുക. മലബാർ ഫർണിച്ചർ കൺസോർഷ്യത്തിന് ഭൂമി ലഭ്യമാകുന്നതോടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇരുന്നൂറോളം പേർക്കാണ് സംരംഭങ്ങളിലൂടെ തൊഴിൽ ലഭിക്കുക. നിക്ഷേപകസംഗമത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ അവലോകനയോഗം ചേർന്നു. നിക്ഷേപകസംഗമത്തിൽ അംഗീകരിച്ച സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. മോണിറ്ററിങ്‌ കമ്മിറ്റി :പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കും നിക്ഷേപ സാധ്യതകൾ തേടി വരുന്നവർക്കും കൈത്താങ്ങാകാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കൺവീനറായും അസി. ഡയറക്ടർ നോഡൽ ഓഫീസറായും ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ്‌ കമ്മിറ്റിക്ക് രൂപം നൽകി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, ജില്ലാപഞ്ചായത്തംഗം, ചെറുകിട വ്യവസായ അസോസിയേഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്, അനന്തപുരം വ്യവസായ എസ്റ്റേറ്റ് അസോസിയേഷൻ, ബിൽഡപ്പ് കാസർകോട്, വിവിധ ബാങ്കുകൾ എന്നിവയുടെ പ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ അംഗങ്ങളാണ്. സംരംഭങ്ങൾക്ക് ലൈസൻസ് നേടിയെടുക്കുന്നത് സുഗമമാക്കുന്നതിനും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് കമ്മിറ്റി. സഹായകേന്ദ്രത്തിലേക്ക് വിളിക്കാം :നിക്ഷേപകരംഗത്ത് സംരംഭകർ നേരിടുന്ന സങ്കീർണതകളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാൻ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി. സംരംഭകർക്ക് നേരിട്ട് വിളിച്ച് സംശയങ്ങൾ തീർക്കാം. ഫോൺ: 9188401714″

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!