അതിര് ലംഘിക്കുന്നു: ഗവർണറുടെ വസതിയിലേക്കു കർഷകർ മാർച്ച് നടത്തണമെന്ന് മുഖ്യമന്ത്രി

കോട്ടയം ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ വസതിയിലേക്കു കർഷകർ മാർച്ച് നടത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്തിനും ഒരു അതിരു വേണം. നിയമസഭയിൽ പാസാക്കിയ ബിൽ ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കുട്ടിക്കലിൽ സിപിഎം നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിയമഭേദഗതിയിൽ ഗവർണർ ഒപ്പിടുന്നില്ലെങ്കിൽ രാജ്ഭവനിലേക്കു കൃഷിക്കാരുടെ സംഘടിതമായ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എന്തിനും അതിരുണ്ട്. ആ അതിരുകൾ ലംഘിച്ചുപോകുന്ന അവസ്ഥയാണ്. നമ്മുടെ നാട്ടിൽ ഇതുപോലുള്ള കാര്യങ്ങൾക്കു തടസ്സം നിൽക്കുന്ന ചിലരുണ്ട്. അവർ അവരുടേതായ തടസ്സങ്ങളുമായി മുന്നോട്ട് പോകും’’– മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി പോലുള്ള നല്ല പദ്ധതികൾ ദുഷ്ടമനസ്സുള്ളവർ തകർക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

