KSDLIVENEWS

Real news for everyone

കേസിൽ കഴമ്പില്ലെന്ന് വിലയിരുത്തൽ, സുരേഷ് ഗോപിക്ക് ഇനി നോട്ടിസ് അയയ്ക്കില്ല; കുറ്റപത്രം ബുധനാഴ്ച

SHARE THIS ON

കോഴിക്കോട്: ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തലെന്നു സൂചന. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണു വിവരം. കേസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും ബുധനാഴ്ച സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും.

കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇന്നലെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയയ്ക്കുന്നില്ലെന്ന തീരുമാനം.

ഇന്നലെ 11.55 നാണ് സുരേഷ്‌ ഗോപി സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നടക്കാവിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, കോർകമ്മിറ്റി അംഗം കെ.പി.ശ്രീശൻ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. 

ഡിസിപി കെ.ഇ.ബൈജു, എസിപിമാരായ പി.ബിജുരാജ്, എ.ഉമേഷ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരേഷ്‌ ഗോപിയുടെ മൊഴി രേഖപ്പെടുത്തൽ രണ്ടുമണിക്കൂറോളം നീണ്ടു. രാവിലെ മുതൽ സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങളുമായി ബിജെപി പ്രവർത്തകരും ആരാധകരും നടക്കാവിൽ തടിച്ചുകൂടിയിരുന്നു. പ്രവർ‍‍ത്തകർ ജാഥയായി സ്റ്റേഷനിലേക്കെത്തുകയും സുരേഷ് ഗോപി പുറത്തിറങ്ങുന്നതുവരെ മുദ്രാവാക്യം വിളികളുമായി കാത്തുനിൽക്കുകയുമായിരുന്നു.

പുറത്തിറങ്ങിയ സുരേഷ് ഗോപി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് മടങ്ങിയത്. ഒക്ടോബർ 27നു കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകയുടെ ചുമലിൽ പിടിച്ച സംഭവത്തിലാണ് കേസെടുത്തത്. സുരേഷ്‌ ഗോപി ചെയ്തത് അസ്വാഭാവികമായി തോന്നിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തെന്നും കാണിച്ചു മാധ്യമ പ്രവർത്തക നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സുരേഷ് ഗോപി ഫെയ്സ്ബുക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!