‘ഞാൻ പലസ്തീനൊപ്പം, പ്രസംഗം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു’; വിഷയം ആരും പഠിപ്പിച്ചുതരേണ്ടെന്ന് തരൂർ

കോഴിക്കോട്: ഗാസയിൽ നടക്കുന്നത് മൃഗീയമായ ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനീവ കൺവെൻഷൻ പോലും അവഗണിച്ച് ഇസ്രയേൽ യുദ്ധം നടത്തുന്നുവെന്നും തരൂർ ആരോപിച്ചു. കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്ലിം ലീഗ് റാലി നടത്തി. അന്നും ഞാൻ പറഞ്ഞു, ഇത് മുസ്ലിം മതത്തിന്റെ പ്രശ്നമല്ല. ഇത് മനുഷ്യന്റെ പ്രശ്നമാണ്. എന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. ഞാൻ നേരിട്ട് പറയുന്നു, ഞാൻ എല്ലാ കാലത്തും പലസ്തീനിനൊപ്പം. ഞാൻ പറയുന്ന കാര്യങ്ങൾ ഞാൻ കണ്ട കാര്യങ്ങളാണ്. ഈ വിഷയം എനിക്ക് ആരും പഠിപ്പിച്ചുതരേണ്ട ആവശ്യമില്ല, തരൂർ പറഞ്ഞു. സി.പി.എം വെറുതെ വേലിപ്പുറത്തിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിലേറണം. സി.പി.എമ്മിനെ പോലെ ഉമ്മറപ്പടിയിലല്ല ലീഗ് ഇരിക്കുന്നത്. ഇന്ത്യാ മുന്നണി കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറണം. സി.പി.എം റാലി നടത്തും. എന്നാൽ, അവർ ഇപ്പോഴും മുന്നണിയുടെ ഭാഗമല്ലെന്നും വിമർശനം. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം വളരെ ശക്തമായി മുന്നോട്ടുപോകുന്നുവെന്ന് നേരത്തെ പ്രസംഗിച്ച സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ നിലപാടിന് സിന്ദാബാദ് വിളിച്ച് താൻ എന്നും കൂടെയുണ്ടാകുമെന്നായിരുന്നു വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എല്ലാ നേതാക്കളേയും വിളിച്ചുകൂട്ടി കോൺഗ്രസ് വിളിച്ചുചേർത്ത റാലിയാണ് ഇതുവരെ നടന്ന പ്രതിഷേധ റാലികളിൽ ഏറ്റവും പ്രധാനം. രാഹുൽ ഗാന്ധി അധികാരത്തിൽ വന്നാൽ പലസ്തീനിലെ കുട്ടികൾ കൊല്ലപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

