അനധികൃത തെരുവോര കച്ചവടം: സമരത്തിലേക്ക് വ്യാപാരികൾ; 28ന് പ്രതീകാത്മക തെരുവുകച്ചവട സമരം

കാസർകോട്∙ നഗരത്തിൽ അനധികൃത തെരുവോര കച്ചവടത്തിനെതിരെ സമരവുമായി വ്യാപാരികൾ തെരുവിലേക്ക്. കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ മുതൽ മത്സ്യമാർക്കറ്റ് റോഡ് വരെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്ന തെരുവോര കച്ചവടത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കാസർകോട് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ 28ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മക തെരുവുകച്ചവട സമരത്തിനു വേദിയാകുന്നത്. നികുതി നൽകി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുന്നിലാണ് തെരുവുകച്ചവടം നടക്കുന്നതെന്നും ഇതുമൂലം ഭീമമായ തുക വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾ ഏറെ പ്രതിസന്ധികളിലും കടക്കെണിയിലും ആണെന്നു മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ടി.പി.ഇല്യാസ്, കെ.ദിനേശ്, നഹീം അങ്കോല, എം.എ. മുനീർ, സി.കെ.ഹാരിസ്, അജിത് കുമാർ, ഷറഫുദ്ദീൻ എന്നിവർ പറഞ്ഞു.

