കന്നി സെഞ്ചുറിയുമായി തിളങ്ങി ഋതുരാജ്; ഓസീസിനെതിരേ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹാട്ടി: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 223 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ ഋതുരാജ് ഗെയ്ക്‌വാദിന്റെ കന്നി സെഞ്ചുറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 57 പന്തുകള്‍ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്‌സും പറത്തി 123 റണ്‍സോടെ പുറത്താകാതെ നിന്നു. ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളില്‍ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് അത്ര നല്ല തുടക്കമായിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (6) രണ്ടാം ഓവറില്‍ തന്നെ പുറത്ത്. തൊട്ടടുത്ത ഓവറില്‍ അക്കൗട്ട് തുറക്കും മുമ്പ് ഇഷാന്‍ കിഷനും (0) മടങ്ങിയതോടെ തുടക്കം പാളി. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. ഋതുരാജ് നിലയുറപ്പിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ സൂര്യയുടെ കടന്നാക്രമണമാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുചലിപ്പിച്ചത്. എന്നാല്‍ 11-ാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ സൂര്യയ്ക്ക് പിഴച്ചു. വെയ്ഡിന് ക്യാച്ച്. 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഋതുരാജിനൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകല്‍. എന്നാല്‍ ക്യാപ്റ്റന്‍ പോയതോടെ ഋതുരാജ്, ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. തിലക് വര്‍മയെ കൂട്ടുപിടിച്ച് 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയര്‍ത്തിയത്. 24 പന്തുകള്‍ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു. 142 റണ്‍സാണ് അവസാന 10 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത്. 23 റണ്‍സ് ഓസീസ് ബൗളര്‍മാര്‍ അധികമായി വഴങ്ങുകയും ചെയ്തു. നേരത്തേ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുന്നത്. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് എന്നിവര്‍ ഇടംനേടി. ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാറിന് പകരം ആവേശ് ഖാന്‍ ഇടംപിടിച്ചു

