കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: അമ്മയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അശ്വതി സുഹൃത്ത് വി.പി ഷാനിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് തല കാല്‍മുട്ടില്‍ ഇടിപ്പിച്ചെന്ന് അമ്മയുടെ സുഹൃത്തായ ഷാനിഫ് പോലീസിന് മൊഴി നല്‍കിയിരുന്നു. അമ്മ അശ്വതിക്കും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് വ്യക്തമായതിന് ശേഷമാണ് പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ കാല്‍മുട്ടില്‍ തല ഇടിപ്പിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ സുഹൃത്ത് ഷാനിഫ് കുറ്റസമ്മതം നടത്തിയിരുന്നു. കൂടാതെ കുഞ്ഞിന്റെ നെഞ്ചിലും ഇയാള്‍ ഇടിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിനെ മരണം ഉറപ്പാക്കാൻ കടിക്കുകയും ചെയ്തുവെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞ് ബാധ്യതയാണെന്നും ഒഴിവാക്കണമെന്നും ഉദ്ദേശിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കുഞ്ഞ് ജനിച്ച അന്നുമുതല്‍ ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ചെറിയ മുറിവുകള്‍ ഉണ്ടാക്കി ഇടയ്ക്കിടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുഞ്ഞിന്റേത് സ്വാഭാവിക മരണമാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടതോടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നത്. ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവര്‍ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്. ചോദ്യം ചെയ്യവേ അമ്മയുടെ സുഹൃത്ത് ഷാനിഫ് കുറ്റസമ്മതം നടത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യില്‍ നിന്ന് വീണതാണെന്നാണ് ഇവര്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ആണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. എന്നാല്‍ കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അമ്മ അശ്വതി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയുടെ പങ്ക് തെളിഞ്ഞതോടെയാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

