KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയിൽ നിന്നുള്ള 44 പേർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം

SHARE THIS ON

കാസര്‍കോട്: യുക്രൈനില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ കഴിഞ്ഞിരുന്ന ബങ്കറിന് സമീപം ഷെല്‍ ആക്രമണം.ഖാര്‍കീവിലെ മെട്രോ ബങ്കറിന് സമീപത്തെ കെട്ടിടത്തിലാണ് ഷെല്‍ ആക്രമണം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. മേല്‍പറമ്ബിലെ ഫാത്വിമത് റിനാശ, ചെമ്ബരിക്കയിലെ മുഹമ്മദ് റോശന്‍, മീപ്പുഗിരിയിലെ എസ് എം ഇബ്തിഹാല്‍ എന്നിവരാണ് ബങ്കറില്‍ ഉണ്ടയിരുന്ന കാസര്‍കോട്ട് നിന്നുള്ളവര്‍.

ഷെല്‍ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ഇബ്തിഹാലിന്റെ പിതാവ് എം കെ മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ബങ്കറില്‍ കയറിയപ്പോഴാണ് ഷെല്‍ ആക്രമണം ഉണ്ടായതെന്നും ഫാത്വിമത് റിനാശയുടെ പിതാവ് ഡോ. കായിഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം അതിര്‍ത്തിവരെ എത്തിയാല്‍ ഒഴിപ്പിക്കാമെന്നാണ് എംബസി അധികൃതര്‍ പറയുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ വാഹനസൗകര്യങ്ങള്‍ക്ക് അടക്കം പ്രയാസം നേരിടുകയും ഏത് സമയവും ആക്രമണ ഭീഷണിയും ഉള്ള പശ്ചാത്തലത്തില്‍ ഇതിന് സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

അതേസമയം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 44 പേര്‍ യുക്രൈനില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സേവനം നല്‍കാന്‍ കാസര്‍കോട് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. രക്ഷിതാക്കളുമായി കണ്‍ട്രോള്‍ റൂമില്‍ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിക്കും. കണ്‍ട്രോള്‍ റൂം നമ്ബര്‍: 04994 257700.

അധിനിവേശത്തിന്റെ ആറാം ദിവസവും ഖാര്‍കിവില്‍ ആക്രമണം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം 14 കുട്ടികള്‍ ഉള്‍പെടെ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ചൊവ്വാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഡ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കം മിക്കവാറും മെട്രോയിലെ ബങ്കറുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പലരും ക്ഷാമം നേരിടുന്നു. അതിര്‍ത്തിവഴികളിലൂടെ പോളന്‍ഡിലേക്കോ റൊമാനിയയിലേക്കോ കടക്കാന്‍ യുക്രൈന്‍ സൈന്യം അനുവദിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!