അഫാന് വിദേശത്തേയ്ക്കു പണം അയച്ചിട്ടില്ല: ഫർസാനയുടെ സ്വർണം പണയം വച്ചത് എടുക്കാൻ പണം അങ്ങോട്ട് കൊടുത്തു; അഫാന്റെ പിതാവ് റഹീം

തിരുവനന്തപുരം: കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. അഫാന് വിദേശത്തേയ്ക്കു പണം അയച്ചുതന്നിട്ടില്ല. താൻ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. നടന്നതെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറന്മൂട് കൂട്ടക്കൊലയുടെ കാരണം സാമ്പത്തിക ബാധ്യതയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു പ്രതി അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുടുംബത്തിന് അത്രയേറെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 65 ലക്ഷം രൂപ കടബാധ്യയുള്ളത് തനിക്കറിയില്ലെന്നും ബാങ്ക് ലോണും ഒരു മറ്റു കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും അബ്ദുൾൽ റഹീം പൊലീസിനോട് പറഞ്ഞു.
ഫർസാനയും അഫാനുമായുള്ള ബന്ധം റഹീമിന് അറിയാമായിരുന്നു. അഫാൻ പണയംവച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60,000 രൂപയും അയച്ചു നൽകി. തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൽ റഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
അതേസമയം, മകൻ ആക്രമിച്ച വിവരം മറച്ചുവച്ചാണ് അഫാന്റെ അമ്മ ഷമീന മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്. കട്ടിൽനിന്നു വീണ് പരുക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു.

