കൊലപാതകത്തിന് ഉപയോഗിച്ചത് കരിങ്കല്ല് പോലെ കനമുള്ള വസ്തു; തലയോട്ടി തകർന്നത് സങ്കീർണമാക്കി

മഞ്ചേരി ∙ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിനിടയാക്കിയത് കരിങ്കല്ല് പോലെ കനമുള്ള ആയുധം കൊണ്ടു തലയ്ക്കേൽപിച്ച ക്ഷതമാണെന്നു പോസ്റ്റ്മോർട്ടം സൂചന. തലയോട്ടി തകർന്നത് നില സങ്കീർണമാക്കി.മുഖ്യപ്രതിയെ പിടികൂടാത്തതിനാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമായിട്ടില്ല. കനം ഉള്ളതും മൂർച്ചയേറിയതുമായ കരിങ്കല്ല് ഉപയോഗിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇടതു നെറ്റിയിൽ മുറിവുണ്ട്. ശരീരത്തിൽ മറ്റിടങ്ങളിൽ മുറിവ് ഇല്ല. മുഖ്യ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
ഷംസീർ, അബ്ദുൽ മാജിദ്
ഷംസീർ, അബ്ദുൽ മാജിദ്
പ്രതിക്ക് രാഷ്ട്രീയ ബന്ധമോ, ജലീലുമായി മുൻ വിരോധമോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരി ഉപയോഗിക്കാറുണ്ട്. ക്വട്ടേഷൻ സംഘമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി പി.എം.പ്രദീപിന്റെ നേതൃത്വത്തിൽ സിഐ സി.അലവി, എസ്ഐ സുലൈമാൻ, എം.ഗിരീഷ്, അനീഷ് ചാക്കോ, മുഹമ്മദ് സലീം, പി.ദിനേഷ്, പി.ഹരിലാൽ, ആർ.മഹേഷ്, തൗഫിഖ് മുബാറക്, കെ.സിറാജുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നഗരസഭാംഗത്തെ തലയ്ക്കടിച്ച് കൊന്ന കേസ്: 2 പേർ അറസ്റ്റിൽ
മഞ്ചേരി ∙ മുസ്‌ലിം ലീഗ് നേതാവും നഗരസഭാംഗവുമായ തലാപ്പിൽ അബ്ദുൽ ജലീലിനെ(57) ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീർ (32), നെല്ലിക്കുത്ത് പതിയൻതൊടി അബ്ദുൽ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ശുഹൈബ് എന്ന കൊച്ചു ഒളിവിലാണ്. സംഭവ ശേഷം കടന്നുകളഞ്ഞ ഇരുവരും നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് പിടിയിലായത്.
മാജിദ് പാലക്കാട്ടുനിന്നു വരുമ്പോൾ പെരിന്തൽമണ്ണയിൽവച്ചും ഷംസീർ പട്ടാമ്പി മുതുമലയിൽനിന്നു വരുമ്പോൾ പാണ്ടിക്കാട്ടുവച്ചുമാണ് പിടിയിലായത്. സംഭവസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.ശുഹൈബിനു വേണ്ടി പൊലീസ് ജില്ലയ്ക്കു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.സുഹൃത്തുക്കളോടൊപ്പം കാറിൽ പാലക്കാട്ടു പോയി മടങ്ങുമ്പോൾ ചൊവ്വ രാത്രി 10.30നു പയ്യനാട് താമരശ്ശേരിക്കു സമീപത്തുവച്ചാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. വീതി കുറഞ്ഞ റോഡിൽ പ്രതികൾ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുക്കുമ്പോൾ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് പറഞ്ഞു.
പ്രശ്നം ഒത്തുതീർപ്പാക്കി പോകുമ്പോൾ പ്രതികളിലൊരാൾ ഹെൽമറ്റ് ഉപയോഗിച്ചു കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. അൽപം മുന്നോട്ടുപോയ ശേഷം കാർ നിർത്തി ജലീൽ പ്രദേശത്തെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞശേഷം റോഡിൽ നിൽക്കുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. കനമുള്ളതും മൂർച്ചയേറിയതുമായ ആയുധംകൊണ്ട് ജലീലിന്റെ തലയ്ക്ക് ഇടിയേറ്റതായി പൊലീസ് പറഞ്ഞു. ചികിത്സയിലിരിക്കെ ബുധൻ വൈകിട്ട് മരിച്ചു. പ്രതികൾ മദ്യപിച്ചിരുന്നെന്നും രാഷ്ട്രീയമോ മുൻവിരോധമോ സംഭവത്തിനു പിന്നിലില്ലെന്നും പൊലീസ് പറഞ്ഞു

