ജില്ലയിൽ ഓക്സിജൻ പ്ലാന്റ് 45 ദിവസത്തിനുള്ളിൽ

കാസർകോട് ∙ ഒന്നര മാസത്തിനുള്ളിൽ ജില്ലയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചതായി കലക്ടർ ഡി.സജിത്ത്ബാബു. നിലവിൽ അഡ്മിറ്റ് ആകുന്ന രോഗികളിൽ ഓക്സിജൻ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അത്യാവശ്യ ഘട്ടത്തിൽ മെഡിക്കൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നു കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ ഡി.സജിത്ത്ബാബു വ്യക്തമാക്കി.
കോവിഡ് പോസിറ്റീവ് കേസുകളുടെ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ നിർദേശിച്ചുള്ള സർക്കാർ ഉത്തരവ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ കർശനമായി നടപ്പാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഓരോ കോവിഡ് ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കണ്ടെത്തിയ കോവിഡ് കെയർ സെന്ററുകൾ 24 മണിക്കൂറിനകം പ്രവർത്തന സജ്ജമാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് നിർദേശിച്ചു.
ജില്ലയിൽ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കൊവിഡ് കേസുകൾ വർധിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ എൻ 95 മാസ്‌കോ അല്ലെങ്കിൽ, 2 മാസ്‌കുകളോ ധരിക്കുന്നതാണ് ഉചിതമെന്ന് ഡിഎംഒ ഡോ. എ.വി. രാംദാസ് അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പിന് കീഴിൽ ടെക്നിക്കൽ സ്‌കൂളിലുള്ള 50 ബെഡുകൾ തൃക്കരിപ്പൂർ പോളിടെക്നിക് സിഎഫ്എൽടിസിയിലേക്ക് അനുവദിക്കും. കേരള ചെറുകിട വ്യവസായ അസോസിയേഷൻ 25 കട്ടിലുകൾ നൽകാനും സന്നദ്ധത അറിയിച്ചു

