KSDLIVENEWS

Real news for everyone

ഒരു കോടി വാക്സീന് സർക്കാർ ഓർഡർ നൽകി; എല്ലാവര്‍ക്കും സൗജന്യമെന്നാണ് നയം; മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം ∙ ഒരു കോടി കോവിഡ് വാക്സീനു സംസ്ഥാന സർക്കാർ ഓർഡർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ വാക്‌സീന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അസന്നിഗ്ധമായ അഭിപ്രായം. ഈ നയം ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്രസര്‍ക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായി അറിയിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച വാക്‌സീന്‍ ഒട്ടും പാഴാക്കാതെ (സീറോ വേസ്റ്റേജ്) ഉപയോഗപ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുനന്മയെക്കരുതി വാക്‌സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സാര്‍വത്രികമായ പ്രതിരോധ കുത്തിവയ്പ്പാണ്. സംസ്ഥാനം 70 ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 30 ലക്ഷം കോവാക്‌സിന്‍ വാക്‌സീനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനം വാക്‌സീന്‍ ലഭ്യമാക്കാന്‍ ആഗോള ടെൻഡര്‍ വിളിക്കുന്ന കാര്യത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുക. അതിനാല്‍ സംസ്ഥാനങ്ങളുടെ മൊത്തം ആവശ്യം കണക്കിലെടുത്ത് മതിയായ അളവില്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ കേന്ദ്രം ആഗോള ടെൻഡറിലൂടെ നടപടി സ്വീകരിക്കണമെന്ന് 2021 മേയ് 24ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകമായി കമ്പോളത്തില്‍ മത്സരിക്കുന്ന അവസ്ഥ സംജാതമായാല്‍ അത് വാക്‌സീന്റെ വില വർധിക്കാന്‍ ഇടയാകുമെന്നും ചൂണ്ടിക്കാട്ടി. കേരളം ഉന്നയിച്ച ഈ അവശ്യത്തില്‍ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മേയ് 29ന് കത്തയച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സീന്‍ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കണമെന്ന വാദഗതി ശക്തമായി കേരളം ഉന്നയിക്കുന്നുണ്ട്. ആവശ്യമായ അളവില്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ കേരളം നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതിന് ചില ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!