നീതി നേടി അന്താരാഷ്ട്ര ഫെഡറേഷന്‍ വരെ പോകും, ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണും; രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ എം പിയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കാനായി അന്താരാഷ്ട്ര ഫെഡറേഷൻ വരെ പോകുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്.
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കൊണ്ടും ഭാവി സമര പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനും ചേര്‍ന്ന ഖാപ് പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുസ്തി താരങ്ങള്‍ നല്‍കിയ സമയ പരിധിയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഖാപ് പഞ്ചായത്തിന് വലിയ തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും ടികായത്ത് മുന്നറിയിപ്പ് നല്‍കി.
ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ നടക്കുന്ന പ്രതിഷേധം ഏതെങ്കിലും വിഭാഗത്തിന്റേത് അല്ലെന്നും രാജ്യത്തിന്റെ തന്നെ സമരമാണെന്നും ടികായത്ത് പറഞ്ഞു. മാര്‍ച്ച് നടത്താനാണ് ബ്രിജ് ഭൂഷന്റെ തീരുമാനമെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും കര്‍ഷകരും മാര്‍ച്ച് ചെയ്യുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. നീതി തേടി അന്താരാഷ്ട്ര ഫെഡറേഷനെ വരെ സമീപിക്കുമെന്നും ടികായത്ത് വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതില്‍ വെള്ളിയാഴ്ച്ച
ഹരിയാനയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമാകുമെന്ന് ടികായത്ത് അറിയിച്ചു. ഗുസ്തി താരങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും കര്‍ഷക നേതാവ് കൂട്ടിച്ചേര്‍ത്തു
അതേസമയം പ്രായപൂര്‍ത്തിയാകാത്ത കായിക താരത്തിന്റെ അടക്കം ലൈംഗിക പീഡന പരാതി ലഭിച്ചിട്ടും ബ്രിജ് ഭൂഷണെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദേശീയ ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി ഗംഗാ തീരത്തെത്തിയ താരങ്ങളെ കര്‍ഷക നേതാക്കളെത്തിയാണ് അനുനയിപ്പിച്ചത്. മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കുന്നതില്‍ താരങ്ങള്‍ ഇതോടെ പിന്മാറിയെങ്കിലും അഞ്ച് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു.

