കെ.ടി ജലീൽ സിപിഎം അംഗത്വമെടുക്കുന്നു; താത്പര്യം ജില്ല നേതൃത്വത്തെ അറിയിച്ചു

മലപ്പുറം: മുൻ മന്ത്രി കെ.ടി ജലീൽ സിപിഎമ്മിൽ അംഗത്വമെടുക്കുന്നു. നാല് തവണ ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന കെ.ടി ജലീൽ അംഗത്വമെടുക്കാനുള്ള താത്പര്യം ജില്ല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ സജീവമാവും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അംഗത്വമെടുക്കാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചത്.
2006 ൽ കുറ്റിപ്പുറത്തെ പി.കെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചാണ് ആദ്യം എംഎൽഎയാവുന്നത്. തുടർന്ന് 2011,2016,2021 വർഷങ്ങളിൽ തവനൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.ടി ജലീൽ 2026 ൽ ഡിസിസി പ്രസിഡന്റായിരുന്ന വി.എസ് ജോയിയോട് പരാജയപ്പെട്ടിരുന്നു.ഒന്നാം പിണറായി സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ബന്ധു നിയമനത്തിൽ ലോകായുക്തയുടെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിന്റെ അവസാന സമയത്ത് രാജിവെച്ചിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറിയായി ഇരിക്കെയാണ് പാർട്ടി നേതൃത്വവുമായി കലഹിച്ച് ജലീൽ പാർട്ടി വിടുന്നത്. പാർട്ടി വിട്ട ജലീലിനെ 2006 ൽ ലീഗിലെ അതികായനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് എൽഡിഎഫ് മത്സരിച്ചത്. 8781 വോട്ടിനാണ് കുഞ്ഞാലിക്കുട്ടിയെ അന്ന് ജലീൽ അട്ടിമറിച്ചത്. മണ്ഡല പുനർനിർണയത്തിൽ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതോടെയാണ് തവനൂരിലേക്ക് മാറുന്നത്. മത്സരിച്ച ആദ്യ മൂന്നു തവണയും ജയിച്ചു കയറിയ ജലീലിന് നാലാം ഊഴത്തിൽ ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്ക് മുന്നിൽ അടിപതറി. മലപ്പുറം ജില്ല കൗൺസിൽ അംഗമായും മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കിയ ജലീൽ 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ചരിത്ര അധ്യാപകനായിരുന്നു.

