ക്യാബിൻ ബാഗേജ് മാത്രമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ്: ഇൻഡിഗോയുടെ പുതിയ പദ്ധതി

ബെംഗളൂരു: ചെക്ക്ഡ്-ഇൻ ബാഗേജ് ഇല്ലാതെ, ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതി ഇൻഡിഗോ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ വേർതിരിച്ചു നൽകുന്ന രീതിയുടെ ഭാഗമാണിത്. ‘ഇൻഡിഗോ ലൈറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ എൻട്രി-ലെവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്കുള്ളതാണ്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഈ നിരക്ക് ബാധകമായിരിക്കും.
ജൂലൈ 1 മുതൽ ഇൻഡിഗോയുടെ വെബ്സൈറ്റ്, ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമേ ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുക.
കഴിഞ്ഞ മാസം എയർ ഇന്ത്യയും സൗജന്യ ഭക്ഷണം ഒഴിവാക്കി ‘ബേസിക് ഇക്കോണമി’ നിരക്ക് അവതരിപ്പിച്ചിരുന്നു. വിലയിൽ ശ്രദ്ധിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇറാൻ യുദ്ധത്തെ തുടർന്ന് ജെറ്റ് ഇന്ധന വില കുതിച്ചുയർന്നതും വ്യോമപാതകൾ അടച്ചതും മത്സരം കടുത്തതും ഇന്ത്യൻ വിമാനക്കമ്പനികൾക്കു വലിയ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ജെറ്റ് ഇന്ധനമാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവ്. ഈ സാഹചര്യത്തിലാണു ചെലവു ചുരുക്കി ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ എയർലൈനുകൾ നടത്തുന്നത്.

