ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മീഷന് പരാതി

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ സര്‍വീസില്‍നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പരാതി നല്‍കിയിരിക്കുന്നത്.
പാതിരാത്രിയില്‍ യുവതിയുമൊത്ത് മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് പത്രപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ശ്രീറാം ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതായി പരാതിയില്‍ ആരോപിച്ചു. ഭാവിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാംപിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും അവിടത്തെ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റെട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ അദ്ദേഹം യോഗ്യനല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്ബോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെയും(OM 20011/5/90-Est (D)-4.11.1992) ഉത്തരവിന്റെയും( നമ്ബര്‍ 20011/4/92- AlS-ll -28/3/2000) ന്റെയും പരസ്യമായ ലംഘനമാണ്. ക്രിമിനല്‍ നടപടി നേരിടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്നും മൂന്നു മാസത്തെ ഇടവേളയില്‍ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കില്‍ താല്‍ക്കാലിക പ്രമോഷന്‍ നല്‍കാമെന്നും പറയുന്നുണ്ട്. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഡി.പി.സിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങള്‍ ലംഘിച്ച് ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി-പരാതിയില്‍ തുടരുന്നു.
താല്‍ക്കാലിക പ്രമോഷന്‍ പോലും പൊതുജന താല്‍പര്യം, കുറ്റകൃത്യത്തിന്റെ ഗൗരവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സര്‍ക്കാര്‍ ഉത്തരവുകളും ഡി.പി.സി കാറ്റില്‍പറത്തി. ഇത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുര്‍വിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. റെട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവില്‍ സര്‍വീസിലെ ഉന്നത ജോലികള്‍ ചെയ്യാന്‍ അയോഗ്യനാണ്. ശ്രീറാമിനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കം ചെയ്യണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.

