കുരുന്നുകൾക്ക് മാസ്കും , സാനിറ്റൈസറും ; മാതൃകയായി അജാനൂർ ലയൺസ് ക്ലബ്

അജാനൂർ : കോവിഡ് ദുരിതത്തെ അതിജീവിച്ച് തിരികെ സ്‌കൂളിലേക്ക് എത്തുന്ന മുക്കൂട് ജി.എൽ.പി എസ് വിദ്യാർത്ഥികൾക്ക് മാസ്കും , സാനിറ്റൈസറും വിതരണം ചെയ്ത് മാതൃകയായി അജാനൂർ ലയൺസ് ക്ലബ് . വലിയ ആശങ്കകൾ ബാക്കി വെച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങൾ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുമ്പോൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും , സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് . പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിൽ പൊതു സമൂഹത്തിനും വലിയ ഉത്തരവാദിത്വവും ഉണ്ടെന്നും , അതിന്റെ ഭാഗമായാണ് അജാനൂർ ലയൺസ് ക്ലബ് മാസ്ക് വിതരണം നടത്തിയത് എന്നും , തുടർന്നങ്ങോട്ടും അജാനൂർ പഞ്ചായത്ത് പരിധിയിലെ മുക്കൂട് സ്‌കൂളിന്റെ പ്രവർത്തനത്തിന് എല്ലാ വിധ സഹായ സഹകരണങ്ങൾ ക്ലബിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും ക്ലബ് ട്രഷറർ സിപി സുബൈർ പറഞ്ഞു . സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം മാസ്കുകൾ ഏറ്റുവാങ്ങി . ഹെഡ്മാസ്റ്റർ നാരായണൻ ഒയോളം അധ്യക്ഷത വഹിച്ചു . ധനുഷ് മാസ്റ്റർ നന്ദി പറഞ്ഞു . ചടങ്ങിൽ പി ടി എ ഭാരവാഹികളായ ശശി , പ്രീത സുരേഷ് , അധ്യാപികമാരായ സുജിത , മണിരത്നം തുടങ്ങിയവർ സംബന്ധിച്ചു .

