എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം ഒറ്റയാൾ നാടകമാക്കി ദയാബായി

നീലേശ്വരം ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം ഒറ്റയാൾ നാടകമായി അവതരിപ്പിച്ച് സാമൂഹിക പ്രവർത്തക ദയാബായി. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാടകം അരങ്ങേറിയത്. എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങളിലിടപെട്ട് നിരാഹാര സമരം ഉൾപ്പെടെയുള്ളവ നടത്തിയിട്ടും ദുരിതബാധിതരുടെ ആനുകൂല്യം അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഏകാംഗ നാടകം എന്ന ആശയത്തിലെത്തിയത്. ചെറിയ സമയം കൊണ്ട് കാണികളുടെ മനസ്സ് പിടിച്ചെടുക്കുന്ന ആവിഷ്കാരമാണ് ഇവർ വേദിയിൽ അവതരിപ്പിച്ചത്. ദുരിതബാധിതരെ സഹായിക്കാനും സംരക്ഷിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുന്നതാണ് പ്രമേയം. ദുരിതബാധിതർക്കായി ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് നാടകം അവസാനിക്കുന്നത്. നെഹ്റു കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അധ്യക്ഷ ഡോ.ധന്യ കീപ്പേരി, അധ്യാപിക ഡോ.കെ.പി.ഷീജ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി.വിജയകുമാർ, വൊളന്റിയർ സെക്രട്ടറി കെ.വി.അമ്പിളി എന്നിവർ പ്രസംഗിച്ചു.

