സയൻസ് പാർക്കിൽ പുതിയത് നിർമിക്കും; ദേശീയപാതയോരത്തെ കുട്ടികളുടെ പാർക്ക് കാഞ്ഞങ്ങാട് നഗരസഭ ഉപേക്ഷിക്കുന്നു

കാഞ്ഞങ്ങാട്: ദേശീയപാതയോരത്തെ കാടുപിടച്ച് അനാഥാവസ്ഥയിൽ കിടക്കുന്ന കുട്ടികളുടെ പാർക്ക് നഗരസഭ ഉപേക്ഷിക്കുന്നു. പകരം, ചെമ്മട്ടംവയൽ സയൻസ് പാർക്കിൽ കുട്ടികൾക്കായി പാർക്ക് നിർമിക്കും. കേന്ദ്രസർക്കാരിന്റെ അമൃത് രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 85 ലക്ഷം രൂപ ചെലവിൽ കുട്ടികളുടെ പാർക്ക് നിർമിക്കുക. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗം നഗരസഭാധ്യക്ഷ കെ.വി.സുജാത മുൻകൂർ അനുമതി നൽകിയ രണ്ട് പദ്ധതികൾക്കും അംഗീകാരം നൽകി. ദേശീയപാത വികസനത്തോടെ സ്ഥലസൗകര്യം കുറഞ്ഞതിന്റെ പേരിലാണ് ദേശീയപാതയോരത്തെ ചിൽഡ്രൻസ് പാർക്ക് ഉപേക്ഷിക്കുന്നതെന്നാണ് ഇക്കാര്യത്തിൽ നഗരസഭ നൽകുന്ന വിശദീകരണം. വർഷങ്ങൾക്ക് മുൻപ് ആന്ധ്രാബാങ്ക് നഗരസഭയ്ക്ക് സൗജന്യമായി നിർമിച്ചുനൽകിയതാണ് ദേശീയപാതയോരത്തെ കുട്ടികളുടെ ഉദ്യാനം. ഇവിടെ പ്രവർത്തിച്ചിരുന്ന സയൻസ്‌പാർക്ക് വർഷങ്ങൾക്കുമുൻപ് പൂട്ടിയിരുന്നു. ശാസ്ത്രോപകരണങ്ങൾ മുഴുവനും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. പുതിയ പദ്ധതിയിൽ കുട്ടികളുടെ പാർക്കിനൊപ്പം സയൻസ് പാർക്കും പുനർനിർമിക്കുമെന്നാണ് നഗരസഭ നൽകുന്ന വാഗ്ദാനം.

