അവരെന്നെ തൊടാനും ചുംബിക്കാനും ശ്രമിച്ചു’; മുംബൈയില്‍ നേരിട്ട ദുരനുഭവം വിവരിച്ച് കൊറിയന്‍ വ്‌ളോഗര്‍

മുംബൈ: മുംബൈയില്‍ ലൈവ് സ്ട്രീമിങിനിടെ രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവത്തില്‍ തന്റെ ദുരനുഭവം വെളിപ്പെടുത്തി കൊറിയന്‍ യൂട്യൂബര്‍ രംഗത്ത്. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്‌ളോഗളോട് മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി.
ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്‌നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്‌നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.
” ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ. ഞാന്‍ എന്റെ ഹോട്ടലിലേക്ക് പോവും വഴി ഏകദേശം രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്. തെരുവുകളുടെയും അവിടുത്തെ ആളുകളുടെ ജീവിതവും ലൈവ് സ്ട്രീമിങില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍.” യൂട്യൂബറുടെ പ്രതികരണം ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

