വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയിലെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ത്രിപുരയിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്. എക്‌സിറ്റ് പോളുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി.ക്കാണ് മേല്‍ക്കൈ പ്രവചിച്ചത്. മേഘാലയയില്‍ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും പറയുന്നു. മേഘാലയയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. ഇത്തവണ 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. നാഗാലാന്‍ഡില്‍ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് ജനവിധി തേടിയത്. ത്രിപുരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് 25 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന സി.പി.എം. കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താണ് ബി.ജെ.പിയെ നേരിടുന്നത്. ഗോത്രമേഖലകളില്‍ സ്വാധീനമുള്ള പ്രദ്യോത് ദേബ് ബര്‍മയുടെ തിപ്രമോത്ത നേടുന്ന വോട്ടുകളായിരിക്കും സംസ്ഥാന ഭരണം ആര്‍ക്കാവുമെന്നത് നിര്‍ണ്ണയിക്കുക. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 55 ഇടത്തും ഐ.പി.എഫ്.ടി. അഞ്ചിടത്തും മത്സരിച്ചു. സി.പി.എം. 43 ഇടത്തും കോണ്‍ഗ്രസ് 13 ഇടത്തും മറ്റ് ഇടത് പാര്‍ട്ടികള്‍ ഓരോ ഇടത്തുമാണ് മത്സരിച്ചത്. ഒരു സീറ്റില്‍ തിപ്ര മോത്തയും ഇടത് കോണ്‍ഗ്രസ് സഖ്യവും ഒരു സ്ഥാനാര്‍ഥിയെ പിന്തുണച്ചു

