പ്രതീക്ഷയുടെ ചിറകുവിരിച്ച് വീണ്ടും കെൽ ഇഎംഎൽ: മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കാസർകോട് ∙ തൊഴിലാളികളുടെയും നാടിന്റെയും സ്വപ്നങ്ങൾക്കു ചിറകു വിരിച്ച് കെൽ ഇഎംഎൽ വീണ്ടും തുറന്നു. 2 വർഷത്തെ പ്രവർത്തന സ്തംഭനത്തിനു ശേഷം കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ തിരികെ എടുത്താണ് സ്ഥാപനം പുനരാരംഭിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ നവീകരണത്തിന് ആവശ്യമായ 43 കോടിയും മുൻകാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടിയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. നവീകരിച്ച കെൽ ഇഎംഎൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മന്ത്രി പി.രാജീവ് അധ്യക്ഷനായി.
‘പൊതുമേഖലയെ സംരക്ഷിക്കും’
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെൽ ഇഎംഎല്ലിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അനുവദിക്കാതെയാണ് കേരള സർക്കാർ സ്ഥാപനത്തെ ഏറ്റെടുത്തതും പൊതുമേഖലയിൽ നിലനിർത്തിയതും. ഇവിടെയുള്ള തൊഴിലാളികളും സംഘടനകളും സ്ഥാപനത്തെ വളർച്ചയിലെത്തിക്കാൻ നിലകൊള്ളണം.
സ്വകാര്യ മേഖലയ്ക്കു വിൽക്കാൻ വച്ചിരുന്ന ഒരു സ്ഥാപനത്തെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനു പിന്നിൽ ഇവിടുത്തെ തൊഴിലാളികളോടുള്ള കരുതൽ മനോഭാവം കൂടി അടങ്ങിയിട്ടുണ്ട്. മുൻപ് പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാനും ഇത്തരത്തിൽ കേരള സർക്കാർ തയാറായിരുന്നു. നല്ല നിലയിൽ നടന്ന എച്ച്എൻഎല്ലിനെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.ഏതാനും നാളുകൾക്കകം ഈ സ്ഥാപനവും പ്രവർത്തനം തുടങ്ങും, മുഖ്യമന്ത്രി പറഞ്ഞു

