തമിഴ്നാട് സ്റ്റാലിന്റെ കയ്യിലേക്ക്; പുതുച്ചേരിയിൽ കോൺഗ്രസ്സ് പിന്നിൽ

ചെന്നൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാണെന്ന തരത്തിലാണ് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത്. തമിഴ്നാട്ടിൽ നിലവിൽ 137 സീറ്റിൽ ഡി.എം.കെയാണ് മുന്നിൽ. നിലവിലെ ട്രൻഡ് പ്രകാരം ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 96 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിലും കമൽഹാസന്റെ എം.എൻ.എം. ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. കമൽഹാസൻ മത്സരിച്ച സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. 234 അംഗങ്ങളുള്ള സഭയിൽ 118 സീറ്റാണ് ഭരണം പിടിക്കാൻ ഡി.എം.കെയ്ക്ക് ആവശ്യമായുള്ളത്. ഇനി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ തമിഴ്നാട്ടിൽ സ്റ്റാലിൻ തന്നെ മുഖ്യമന്ത്രിയാവും. 2016 കക്ഷി നില പ്രകാരം 234 മണ്ഡലങ്ങളിൽ എ.ഐ.ഡി.എം.കെ. 136 മണ്ഡലങ്ങളിൽ ആയിരുന്നു 2016ൽ വിജയിച്ചത്. ഡിഎംകെ-89 മണ്ഡലങ്ങളിലും കോൺഗ്രസ്സ്-8, മുസ്ലിംലീഗ്-1 എന്നിങ്ങനെ പോകുന്നു 2016ലെ തമിഴ്നാട്ടിലെ സീറ്റുനില. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കക്ഷി നില പ്രകാരം 124 സീറ്റായിരുന്നു അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായിരുന്നത്. ഡിഎംകെയ്ക്ക് 96, കോൺഗ്രസിന് ഏഴ്, മുസ്ലിം ലീഗിന് ഒന്ന്. എംഎൽഎമാരുടെ മരണത്തെയും രാജിയേയും തുടർന്ന് അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടിയിൽ മുന്നിട്ടുനിൽക്കുന്നു. പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിൻ കൊളത്തൂർ നിയോജകമണ്ഡലത്തിൽ മുന്നിലാണ്. കുരിഞ്ചിപാടി, നെയ്വേലി, വിരുദാചലം ഉൾപ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലും ഡി.എം.കെ. മുന്നിലാണ്. ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് മേധാവി എൽ. മുരുകൻ ധരപുരത്ത് മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ. നേതാക്കളും സംസ്ഥാന മന്ത്രിമാരായ കെ. സി. വീരമണിയും ബെഞ്ചമിനും ജോലാർപേട്ടിലും മധുരാവയലിലും മുന്നിലാണ് പുതുച്ചേരിയിൽ ആകെയുള്ള 30 മണ്ഡലങ്ങളിലെ 17 സീറ്റുകളിലെ ഫലസൂചന വന്നു കഴിഞ്ഞു. എൻ.ആർ.സി. 12 സീറ്റിലും കോൺഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നിൽക്കുന്നു

