യുപി സര്‍ക്കാരിലും പാര്‍ട്ടിയിലും പൊളിച്ചെഴുത്ത് അനിവാര്യം; ബിജെപി. കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെച്ചൊല്ലി വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പാർട്ടിഘടകത്തിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും ബി.ജെ.പി. കേന്ദ്രനേതൃത്വം. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഉപാധ്യക്ഷൻ രാധാ മോഹൻ സിങ് എന്നിവർ ലഖ്നൗവിൽ സംസ്ഥാനനേതാക്കളുമായി ചർച്ചനടത്തി. ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും നാലുദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തുണ്ട്. മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന.
2017-ൽ യോഗി ആദിത്യനാഥ് ചുമതലയേറ്റശേഷം ആദ്യമായാണ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടുന്നത്. സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കെയാണിത്. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനം, ഏകോപനം, കോവിഡ് പ്രതിരോധ വീഴ്ചകൾ, ആരോപണങ്ങൾ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെയും മേയർമാരുടെയും തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്.
കോവിഡ് നേരിടുന്നതിലുണ്ടായ വീഴ്ചകളെച്ചൊല്ലി പാർട്ടി സംസ്ഥാനഘടകത്തിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തനശൈലിയിലും വിമർശനമുണ്ട്. പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി. എം.എൽ.എ.മാരും നേതാക്കളും കോവിഡ് വിഷയത്തിൽ പ്രത്യക്ഷവിമർശനമുയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ ബി.എൽ. സന്തോഷും രാധാ മോഹൻ സിങ്ങും മന്ത്രിമാർ, എം.എൽ.എ.മാർ, നേതാക്കൾ തുടങ്ങിയവരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.

