KSDLIVENEWS

Real news for everyone

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി

SHARE THIS ON

ദില്ലി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു. സുബൈര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സുബൈറിനെ വിട്ടു. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച്‌ നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

2021ല്‍ തുടങ്ങിയ ട്വിറ്റര്‍ ഹാന്‍ഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്. ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി. സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍‍ ആണ് പരാതിക്കാരനെന്ന് എഫ്‌ഐആര്‍ പറയുന്നു. 2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!