KSDLIVENEWS

Real news for everyone

ഷംസീര്‍ പറഞ്ഞത് ശരി, തിരുത്താനും മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല; എം.വി.ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താനോ അതില്‍ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ‘ഷംസീര്‍ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്‌റുവും ഒക്കെ ഇത് തന്നെയാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി.ഡി.സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാം’ ഗോവിന്ദന്‍ പറഞ്ഞു. ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. സിപിഎം ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. എല്ലാ കാലത്തും സിപിഎം മതവിശ്വാസകള്‍ക്കെതിരായ പ്രസ്ഥാനമാണെന്ന പ്രചാരണം വരാറുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ട് ഗണപതി ക്ഷേത്രങ്ങളിലേക്ക് പോയി വഴിപാട് നടത്തുന്നതിന് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം. 2014-ഒക്ടോബറില്‍ പ്രധാനമന്ത്രി മുംബൈയില്‍ റിലയന്‍സ് ആശുപത്രി ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഗണപതിയെ ഇന്നത്തെ രീതിയില്‍ നമ്മള്‍ കാണുന്നത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണ് എന്നാണ്. പുഷ്പക വിമാനം ഉണ്ടായിരുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. ചരിത്രത്തിന്റെ ഭാഗമാക്കി ഇതിനെയൊക്കെ മാറ്റാനാണ് ശ്രമം. അത് തെറ്റായ പ്രചാരവേലയാണ്. മിത്തിന്റെ ഭാഗമായി നമുക്ക് അംഗീകരിക്കാം. അത്തരത്തിലൊരുപാട് മിത്തുകള്‍ കേരളത്തിലുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞപ്പോഴാണ് കേരളം ഉണ്ടായത്‌ എന്നതും ഇതില്‍പ്പെട്ടതാണ്. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെമേലെ കുതിര കയറാന്‍ പാടില്ല. കുതിര കയറാന്‍ അവകാശമില്ലെന്ന് പറയുന്നില്ല. എന്നാല്‍ ആരെങ്കിലും അതിനെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്നും വിശ്വാസങ്ങള്‍ക്കെതിരാണെന്നുമുള്ള പ്രചാര വേല നടത്താന്‍ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!