ദേശീയപാതയിൽ റോങ് സൈഡ് വെച്ചുപിടിച്ച് സ്വകാര്യ ബസ്: 5 കി.മീ. യാത്ര; നടപടിക്കൊരുങ്ങി എം.വി.ഡി.

കോഴിക്കോട്: ദേശീയപാതയിൽ അഞ്ചു കിലോമീറ്ററോളം തെറ്റായ ദിശയിൽ അപകടയാത്ര നടത്തിയ സ്വകാര്യ ബസ്സിനെതിരെ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ് അധികൃതർ. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ഗ്രൂപ്പിന്റെ കെ.എൽ. 08 എ.സെഡ് 6696 ബസാണ് പൂക്കാട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയ പാതയിൽ തെറ്റായ ദിശയിലൂടെ ഓടിയത്. അഞ്ച് കിലോമീറ്ററോളം ബസ്സ് എതിർദിശയിൽ ഓടി. ബസ്സിന്റെ എതിർ ദിശയിലുളള ഓട്ടം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. ബസ്സിലെ ഡ്രൈവറോടും കണ്ടക്ടറോടും ബുധനാഴ്ച കൊയിലാണ്ടി ജോ.ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാവാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കൊയിലാണ്ടി പൂക്കാട്ടുനിന്നാണ് ബസ് എതിർദിശയിലേക്ക് പ്രവേശിച്ചത്. തിരുവങ്ങൂർപൂക്കാട് ഭാഗത്ത് റോഡ് നിർമാണത്തെ തുടർന്ന് സർവീസ് റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസ് എതിർദിശയിൽ ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുതന്നെയാണ് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും വിശദീകരിച്ചതെന്നും അറിയുന്നു. കഴിഞ്ഞ ആഴ്ച തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിലെ മേൽപ്പാലത്തിൽ ഇറക്കിവിട്ട സംഭവത്തിൽ ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ബസും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലൂടെയാണ് ബസ് അമിതവേഗത്തിലും അപകടമുണ്ടാക്കുംവിധവും ഓടിയത്. എതിർ ഭാഗത്തുനിന്ന് ധാരാളം വാഹനങ്ങൾ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു. എതിരേ വരുന്ന ബസ്സുകളും മറ്റും വാഹനങ്ങളും വഴിമാറിക്കൊടുത്തതുകൊണ്ടുമാത്രമാണ് അപകടമുണ്ടാകാതിരുന്നത്. ഈ രീതിയിൽ ചില ബസ്സുകൾ മുൻപും എതിർദിശയിൽ ഓടിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

