വിവാദങ്ങൾക്കിടെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കള്‍

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. ക്ലിഫ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഖലീലുൽ ബുഖാരി തങ്ങൾ അടക്കമുള്ള നേതാക്കളാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
കാന്തപുരം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന ഒരു കാലഘട്ടത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും, ഇത് പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന് പിന്നാലെ രാത്രി ഒമ്പതരയോടെയാണ് പേരോട് അബ്ദുറഹ്മാൻ സഖാഫി, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. പൊന്നാനി എംഎൽഎ കെ.പി നൌഷാദ്അലിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയിൽ പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ നിലപാട് അവർ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ വിശദീകരണം മുഖ്യമന്ത്രിക്ക് മനസിലായെന്ന് പ്രതീക്ഷിക്കുന്നതായും വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകാമെന്ന് മറുപടി നൽകിയതായും നേതാക്കൾ അറിയിച്ചു.

