KSDLIVENEWS

Real news for everyone

ഗുജ്ജര്‍ സംവരണ പ്രക്ഷോഭം: നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം

SHARE THIS ON

ജയ്പുർ: തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഗുജ്ജർ സമുദായാംഗങ്ങൾ രാജസ്ഥാനിലെ ഭരത്പുർ റെയിൽവേ പാത ഉപരോധിച്ചു. ഇതേതുടർന്ന് ഒരു ഡസനോളം ട്രെയിനുകൾ ഡൽഹി-മുംബൈ റെയിൽവേ ലൈനിലേക്ക് തിരിച്ചുവിട്ടു. മുൻകരുതൽ നടപടിയായി ആഗ്ര-ജയ്പുർ പാതിയിലൂടെയുളള ബസ് സർവീസും നിർത്തിവെച്ചു. ഏറ്റവും പിന്നാക്കവിഭാഗം എന്ന സംവരണം ആവശ്യപ്പെട്ടാണ് ഗുജ്ജർ സമുദായ അംഗങ്ങളുടെ പ്രക്ഷോഭം നടക്കുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരമെന്നും അവർ അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ, സർക്കാർ അത് അംഗീകരിച്ച് ഉത്തരവ് ഇറക്കുന്നതുവരെ ഞങ്ങൾ സമരം തുടരും. ഞങ്ങളുടെ സമുദായത്തിൽ നിന്നുളള യുവജനങ്ങൾക്ക് തൊഴിലില്ല. ആരും ഞങ്ങളുടെ പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യുന്നില്ല.’ ഗുജ്ജർ സമുദായ നേതാവ് വിജയ് ബെയ്നസ്ല പറഞ്ഞു.
ഹിന്ദോൺ സിറ്റി- ബയാന റൂട്ടിലെ റെയിൽപാത ഉപരോധിച്ചതിനെ തുടർന്ന് ഏഴുട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി വെസ്റ്റേൺ റെയിൽവേ ഞായറാഴ്ച വൈകീട്ട് അറിയിച്ചു.
വിവിധ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട് ഉണ്ട്. ഭരത്പുർ, ധേൽപുർ, സവായി മധോപുർ, ദൗസ, ടോങ്ക്, ബുണ്ടി, ഝലവാർ, കാരുളി ജില്ലകളിൽ നേരത്തേ ആഭ്യന്തരവകുപ്പ് ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയിരുന്നു . ജയ്പുർ ഡിവിഷനിൽ 2ജി/3ജി/4ജി ഡേറ്റ സേവനങ്ങൾ, എസ്എംഎസ്/എംഎംഎസ്, സോഷ്യൽമീഡിയ എന്നിവ വൈകീട്ട് ആറുമുതൽ 24 മണിക്കൂർ നേരത്തേക്ക് നിർത്തലാക്കിയിരുന്നു. ധോൽപുറിൽ 144 ഏർപ്പെടുത്തി.

വിഷയം ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ 29-ന് ഒരു മന്ത്രിസഭാ സമിതി യോഗം വിളിച്ചിരുന്നു. എന്നാൽ ഇതിൽ പങ്കെടുക്കാൻ ഗുജ്ജർ നേതാക്കൾ വിസമ്മതിച്ചു. ഗുജ്ജർ സമുദായത്തിന്റെ പ്രധാനപ്പെട്ട മൂന്നു ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് മതിയാകില്ലെന്നാണ് സമുദായത്തിന്റെ നിലപാട്.

കഴിഞ്ഞ ഗുജ്ജർ പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒക്ടോബർ 29-ന് അഞ്ചുലക്ഷം രൂപ ധനസഹായം സർക്കാർ അനുവദിച്ചിരുന്നു. പ്രൊബേഷൻ പൂർത്തിയാക്കിയ ഏറ്റവും പിന്നാക്ക വിഭാഗത്തിൽ പെട്ട 1252 പേർക്ക് കാലാവധി പൂർത്തിയാകുന്നതോടെ സംസ്ഥാന സർക്കാർ റെഗുലർ പേ സ്കെയിൽ നൽകാനും തീരുമാനമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!