ലാപ്‌ടോപ്പില്‍ കാണിച്ച കാര്‍ട്ടൂണ്‍ വീഡിയോ തുമ്പായി; കണ്ട സമയം ഉള്‍പ്പെടെ ഉറപ്പാക്കി പ്രതികളിലേക്ക്

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുഞ്ഞിനെ ലാപ്ടോപ്പില്‍ കാണിച്ച കാര്‍ട്ടൂണ്‍ വീഡിയോയും നിര്‍ണായകമായി. തട്ടിക്കൊണ്ടുപോയ ദിവസം തങ്ങിയ, വലിയ വീട്ടില്‍വെച്ചുതന്നെ കാര്‍ട്ടൂണ്‍ വീഡിയോ കാണിച്ചതായി കുഞ്ഞ് മൊഴി നല്‍കിയിരുന്നു. ഏതു കാര്‍ട്ടൂണാണ് കാണിച്ചത്, കാണിച്ച സമയം, തുടങ്ങിയ വിവരങ്ങള്‍ പോലീസ് സംഘം ആറുവയസ്സുകാരിയില്‍നിന്ന് തേടിയിരുന്നു. 27-ന് രാത്രി ഈ കാര്‍ട്ടൂണ്‍ കണ്ട കംപ്യൂട്ടറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് തേടി. ഫലം വന്നപ്പോള്‍ പദ്മകുമാറിന്റെ വീട്ടിലെ ലാപ്ടോപ്പില്‍നിന്നാണ് കുട്ടി കാര്‍ട്ടൂണ്‍ കണ്ടതെന്ന വിവരം ലഭിച്ചതായാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തിലെത്തിച്ച നീലനിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി. തൊട്ടടുത്ത വീട്ടിലേക്ക് ട്യൂഷനു പോയ കുട്ടിയെ 27-ന് വൈകീട്ടാണ് വെള്ള കാറില്‍ എത്തിയ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ പാര്‍പ്പിച്ചശേഷം പിറ്റേന്ന് നീലനിറത്തിലുള്ള കാറില്‍ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. Pause Unmute Loaded: 9.03% Close Player കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും പ്രതികളിലേക്ക് എത്താന്‍ സഹായിച്ചു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന പദ്മകുമാര്‍, സമീപകാലത്തായി പ്രതിസന്ധിയിലാണെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ഒരു കാര്‍ കണ്ടെടുത്ത വര്‍ക്കല അയിരൂരില്‍നിന്നുള്ളയാളുടെ മൊഴിയും നിര്‍ണായകമായി. പ്രതികളുടെ രേഖാചിത്രം ശ്രദ്ധയില്‍പ്പെട്ട അയിരൂര്‍ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പോലീസിനു വിവരം നല്‍കിയിരുന്നതായും സൂചനയുണ്ട്. ഫെയ്‌സ്ബുക്കിലെ ചിത്രങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. രേഖാചിത്രം പുറത്തുവന്ന സമയംമുതല്‍ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികള്‍. സി.സി.ടി.വി.കളിലൂടെ ഓട്ടോറിക്ഷയിലേക്ക് കൊട്ടാരക്കര: പാരിപ്പള്ളി കിഴക്കനേലയില്‍ ഗിരിജയുടെ കടയില്‍നിന്നു ലഘുഭക്ഷണം വാങ്ങാന്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം ആശ്രയിച്ച ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസന്വേഷണത്തില്‍ സഹായകമായ ഒരു ഘടകം. കല്ലുവാതുക്കല്‍ സ്വദേശി സലാഹുദ്ദീന്റെ ഓട്ടോയില്‍ പാരിപ്പള്ളിയില്‍നിന്നാണ് സംഘത്തിലെ രണ്ടുപേര്‍ കയറിയത്. കുട്ടിയെ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ടവരാണ് തന്റെ ഓട്ടോയില്‍ സഞ്ചരിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീട് അറിഞ്ഞപ്പോള്‍ ഭയന്നിട്ടാണ് വിവരം പോലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് സലാഹുദ്ദീന്‍ നല്‍കിയ മൊഴി. കിഴക്കനേലയില്‍നിന്നു സാധനങ്ങളും വാങ്ങിയ ഇവരെ കാട്ടുപുതുശ്ശേരി ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. നൂറുരൂപ ഓട്ടോക്കൂലി നല്‍കിയെന്നും സലാഹുദ്ദീന്‍ മൊഴിനല്‍കി. ഒട്ടേറെ സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. മുന്‍ഭാഗത്ത് രണ്ടു ഹെഡ്ലൈറ്റുകള്‍, ചുവന്നനിറത്തിലുള്ള ക്യാപ്പ്, വീല്‍ക്കപ്പുകള്‍, കണ്ണാടികളില്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍, എഴുത്ത് തുടങ്ങിയ പ്രത്യേകതകള്‍ സൂക്ഷ്മമായി കണ്ടെത്തുകയും തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലുമാണ് കല്ലുവാതുക്കലില്‍നിന്ന് ഓട്ടോറിക്ഷ കണ്ടെത്തിയത്. കടയിലെത്തിയ ആള്‍ കാക്കി പാന്റ്‌സ് ധരിച്ചിരുന്നു എന്ന് ഗിരിജ മൊഴിനല്‍കിയിരുന്നു. സി.സി.ടി.വി. പരിശോധനയില്‍ ഓട്ടോയുടെ പിന്‍സീറ്റിലിരിക്കുന്ന ആള്‍ ധരിച്ചിരുന്ന കാക്കി പാന്റ്സും വ്യക്തമായി. ഇങ്ങനെയാണ് ഓട്ടോറിക്ഷയിലേക്കും സലാഹുദ്ദീനിലേക്കും എത്തുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലായവരുടെ വീട് കണ്ടെത്താനും പ്രതികളിലേക്കെത്താനും പോലീസിനു സഹായകമായത് ഓട്ടോറിക്ഷയുടെ കണ്ടെത്തലാണ്. സലാഹുദ്ദീനെ കൊല്ലം റൂറല്‍ എസ്.പി.ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ സൈബര്‍ സെല്‍ ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നു.

