ചെമ്മനാട്ട് അനധികൃത പൂഴി കടത്ത് കേന്ദ്രം പോലീസ് തകർത്തു

ചെമ്മനാട്: ചെമ്മനാട് ജമാ-അത്ത് ഹയർ സെക്കൻഡറി സ്കൂളിന് പിറകിലെ മണലിൽ എന്ന സ്ഥലത്തെ അനധികൃത പൂഴികടത്ത് കേന്ദ്രം മേൽപ്പറമ്പ് പോലീസ് തകർത്തു. ചന്ദ്രഗിരിപ്പുഴയിൽനിന്ന് സന്ധ്യക്ക് മണൽ സംഭരിച്ച് രാത്രി ടിപ്പറുകളിൽ കടത്തുകയായിരുന്നു. ഇതിനായി പ്രത്യേക റോഡും നിർമിച്ചിരുന്നു. പൂഴികടത്തിന് സൗകര്യമൊരുക്കിയ നിയാസ് (42), ഡ്രൈവർ ശിഹാബുദ്ദീൻ (40) എന്നിവർക്കെതിരേ കേസെടുത്തു. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന നാല് ലോഡ് പൂഴി മണ്ണുമാന്തി ഉപയോഗിച്ച് ചന്ദ്രഗിരിപ്പുഴയിൽ തള്ളി. എസ്.ഐ. എം.പി.പദ്മനാഭന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

