KSDLIVENEWS

Real news for everyone

വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം; കിംവദന്തികള്‍ അസംബന്ധം- ഡ്രഗ്സ് കൺട്രോളർ ജനറൽ

SHARE THIS ON

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.
ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കിൽ ഒരിക്കലും അനുമതി നൽകില്ല. വാക്സിനുകൾ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി എന്നിവ പോലുള്ള ചില പാർശ്വഫലങ്ങൾ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവർക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.- സോമാനി പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാസ്കിൻ സ്വീകരിച്ചാൽ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടി നേതാവ് അശുതോഷ് സിൻഹ പറഞ്ഞിരുന്നു. താൻ വാക്സിൻ സ്വീകരിക്കില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!