KSDLIVENEWS

Real news for everyone

രാമനവമി സംഘര്‍ഷം; ബിഹാറില്‍ ജയ് ശ്രീറാം വിളിച്ചെത്തിയവര്‍ മദ്രസ തകര്‍ത്തു, 110 വര്‍ഷം പഴക്കമുള്ള ലൈബ്രറിക്ക് തീയിട്ടു

SHARE THIS ON

പട്ന: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാര്‍ നളന്ദ ജില്ലയിലെ ബിഹാര്‍ ഷെരീഫില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 77 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം ബിഹാര്‍ ഷെരീഫിലെ മുരാര്‍പൂര്‍ പ്രദേശത്തെ മദ്രസ തകര്‍ക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീന്‍ പറഞ്ഞു.4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വര്‍ഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തില്‍ ചാരമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദിന്‍റെ മിനാരം (ടവര്‍) തകര്‍ന്നതിനാല്‍ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്. “ഹോട്ടല്‍ സിറ്റി പാലസിന് സമീപമുള്ള ഗഗന്‍ ദിവാന്‍ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയിരുന്നു.തുടര്‍ന്ന് ഒരു സംഘം മദ്രസയില്‍ കയറി കല്ലെറിയാന്‍ തുടങ്ങി.മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അവര്‍ പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോള്‍ ബോംബുകള്‍ എറിയുകയും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു” സിയാബുദ്ദീന്‍ വിശദീകരിച്ചു.

ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും രാത്രി 11 മണിയായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സിയാബുദ്ദീന്‍ ആരോപിച്ചു. ” പുക നിറഞ്ഞ മുറിയില്‍ രണ്ട് കുട്ടികള്‍ കുടുങ്ങി. ഞാന്‍ കൃത്യസമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് അവരെ നഷ്ടപ്പെടുമായിരുന്നു” സിയാബുദ്ദീന്‍ പറയുന്നു. ലൈബ്രറിയിലും 22 ക്ലാസ് മുറികളുടെ പുറത്തും പെട്രോള്‍‌ ബോംബുകള്‍ കണ്ടെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മദ്രസയില്‍ 450 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. റമദാന്‍ പ്രമാണിച്ച്‌ മദ്രസ അടച്ചിട്ടിരിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് അക്രമികള്‍ കാമ്ബസിനുള്ളില്‍ കടന്നത്. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തില്‍ അപൂര്‍വമായ പുസ്തകങ്ങള്‍ കത്തിനശിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് മദ്രസയ്ക്ക് സമീപം താമസിക്കുന്ന ബിഹാര്‍ ഷെരീഫ് കോടതിയിലെ അഭിഭാഷകനായ സര്‍ഫറാസ് മാലിക് പറഞ്ഞു.”അവരുടെ കയ്യില്‍ വാളുകളും വടികളുമുണ്ടായിരുന്നു. ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടിരുന്നു. ഞാന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, പക്ഷേ അവര്‍ എന്‍റെ മുറിയില്‍ നിന്ന് 3,500 രൂപ എടുത്തു” മദ്രസയിലെ സെക്യൂരിറ്റിയായ മോഹന്‍ ബഹദൂര്‍ പറഞ്ഞു.

വെള്ളിയാഴ്ച ശ്രാം കല്യാണ്‍ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.പ്രദേശത്തെ നിരവധി കടകളില്‍ ജനക്കൂട്ടം കാവി പതാകകള്‍ സ്ഥാപിക്കുകയും കത്തിക്കുകയും ചെയ്തു.1981-ല്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ 45 പേര്‍ മരിച്ചതിന് ശേഷം ഈ പ്രദേശം ഇത്തരം അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ബിഹാര്‍ ഷെരീഫ് നിവാസിയായ ശത്രുഘ്നന്‍ പ്രസാദ് പറഞ്ഞു. ജഗന്നാഥ് മിശ്രയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയെന്നും ഇന്ദിരാഗാന്ധി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.ശനിയാഴ്ചയുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. “ഇതുവരെ 77 പേരെ അറസ്റ്റ് ചെയ്യുകയും 12 എഫ്‌.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഫ്‌ളാഗ് മാര്‍ച്ച്‌ നടത്തി.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ മതിയായ അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്” നളന്ദ പൊലീസ് സൂപ്രണ്ട് അശോക് മിശ്ര പറഞ്ഞു.ഗുല്‍ഷന്‍ കുമാര്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചതായും ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ പട്‌നയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!