KSDLIVENEWS

Real news for everyone

സിസിടിവി ദൃശ്യങ്ങളിലുള്ളത് അക്രമിയല്ല, കാപ്പാട് സ്വദേശിയായ വിദ്യാർഥി; പ്രതി ഉത്തരേന്ത്യക്കാരൻ തന്നെ

SHARE THIS ON

കോഴിക്കോട് ∙ ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതിയെ മണിക്കൂറുകൾ പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. രേഖാച്ചിത്രം തയാറാക്കി പ്രതിക്കായി അന്വേഷണം ഊർജിതമാക്കുമ്പോൾ ട്രാക്കിൽ പ്രതി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗിൽ നിന്ന് കണ്ടെടുത്ത ഫോൺ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.  കേസിലെ നിർണായക സാക്ഷിയായ റാസിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു പൊലീസ് പറഞ്ഞു. 112 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കുവയ്ക്കാം. പ്രതി ഉത്തരേന്ത്യക്കാരൻ തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി– യുപി അതിർത്തിയിലുള്ള ആളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാൽപതംഗ സംഘത്തിൽ അഞ്ച് എസിപിമാരും എട്ട് സിഐമാരുമാണുള്ളത്. യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി ഇതിനുശേഷം ചങ്ങല വലിച്ച് രക്ഷപെട്ടെന്നാണ് വിവരം. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷർട്ടുമാണ് വേഷം. ഞായറാഴ്ച രാത്രി അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റർ അകലെ കാട്ടിലപ്പീടികയിൽ ഇതേ നിറത്തിലുള്ള വസ്ത്രം ഒരാൾ ബൈക്കിൽ കയറി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഇത് അക്രമിയുടേതല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നു പൊലീസ് വ്യക്തമാക്കി. പ്രതിയുടേതിന് സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം 9.30യും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി 11.30ഓടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണ് വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചതും. അന്വേഷണം സംബന്ധിച്ച തുടർനടപടികൾ കണ്ണൂരിലെത്തി ചർച്ച നടത്തിയശേഷം തീരുമാനിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. കുറച്ചു തെളിവുകൾ ലഭിച്ചു. പ്രതികളെ ഉടൻ പിടികൂടും. തീവ്രവാദവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു ഡിജിപി അറിയിച്ചു. ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗാണ് കേസിൽ നിർണായകമാകുന്ന മറ്റൊരു തെളിവ്. മൊബൈല്‍ ഫോണ്‍, ഒരു കുപ്പി പെട്രോള്‍, ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകള്‍ എന്നിവയാണ് ബാഗിനുള്ളിലുള്ളത് ഫൊറൻസിക്ക് പരിശോധനയ്ക്ക് ശേഷം മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി പൊലീസിന് കൈമാറി. സിം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യ മാകുമെന്നും അന്വേഷണം സംഘം കരുതുന്നു. കംപാർട്ട്മെന്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത പ്രതി, മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!