KSDLIVENEWS

Real news for everyone

ഭാഗ്യം കൊണ്ടു വൻ ദുരന്തം ഒഴിവായി; സൂക്ഷിച്ചില്ലേൽ ദേശീയപാത ‌ ‍യാത്ര അപകടക്കെണിയാവും

SHARE THIS ON

കാസർകോട് : ദേശീയപാത വികസന ജോലികൾ നടക്കുന്നതിനിടെ അപകടം പതിവായി. കഴിഞ്ഞ ദിവസമാണ് ദേശീയപാത വികസനം നടക്കുന്ന നുള്ളിപ്പാടിയിൽ ഒരു കാർ റോഡിലേക്കു കയറുന്നതിനിടെ തെന്നി മറിഞ്ഞത്. നുള്ളിപ്പാടി പെട്രോൾ ബങ്കിനു സമീപമായിരുന്നു അപകടം. പണി പൂർത്തിയാകാത്ത സർവീസ് റോഡിലേക്ക് കയറുമ്പോൾ മണ്ണിടിഞ്ഞു കാർ കുഴിയിലേക്കു തെന്നി.

ഭാഗ്യം കൊണ്ടു വൻ ദുരന്തം ഒഴിവായി. അരിക് ഉറപ്പിക്കാത്തതാണ് മണ്ണ് ഇടിയാൻ കാരണം. ഇവിടെ മല്യാസ് കോംപൗണ്ട് റോഡിലും സുരഭി ഹൗസിങ് കോളനി റോഡിലേക്കും ശരിയായ അപ്രോച്ച് റോഡ് ഇല്ലാത്തതും അപകടത്തിനു കാരണമായി. കരുതൽ ഇല്ലാതെയുള്ള ഓട്ടത്തിൽ വാഹനങ്ങൾക്കു കേടുപാടു മാത്രമല്ല യാത്രക്കാരും അപകടത്തിൽ ചാടുന്നു. 

അപകടങ്ങളേറുന്നു

മാസങ്ങൾക്കു മുൻപാണ് നുള്ളിപ്പാടിയിൽ തന്നെ ദേശീയപാത വികസനത്തിനു വേണ്ടി കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ വൈദ്യുതി തൂണൂകളും വൈദ്യുതിലൈനുകളും പൊട്ടിവീണത്. ഭാഗ്യം കൊണ്ട് അന്ന് വൻ ദുരന്തമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപ് ആണ് പാത നിർമാണത്തിനുള്ള മണ്ണുമാന്തി യന്ത്രം ദേശീയപാതയിലേക്കു കടക്കുന്നതിനിടെ കുറുകെയുള്ള വൈദ്യുതി ലൈനിൽ കുടുങ്ങി വൈദ്യുതി തൂണുകൾ ഉൾപ്പെടെ തകർന്നത്. 

ദിശ കാണിക്കാൻ ആളില്ല

നിർമാണ സ്ഥലങ്ങളിൽ പലപ്പോഴും വാഹനഗതാഗത നിയന്ത്രണത്തിനു പൊലീസും ദേശീയപാത നിർമാണ ജീവനക്കാരും ഉണ്ടാകുന്നില്ല. ദിശ തെറ്റി വരുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങുമായി ഓടുന്നതിനിടെയും അപകടങ്ങൾ പതിവാണ്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കൽ‌ അനിശ്ചിതമായി വൈകുന്നതും സുഗമ യാത്രയ്ക്കു തടസ്സം ഉണ്ടാക്കുന്നുണ്ട്. അവിടവിടെയായി നിർമാണം പൂർത്തിയായ പ്രധാന റോഡുകളിൽ വാഹനങ്ങൾ കുതിച്ചു പായുമ്പോൾ തന്നെ ഇത് അവസാനിക്കുന്ന ഭാഗത്തു നിന്നു ഇറങ്ങുമ്പോൾ ദിശ തെറ്റി ഏതു ഭാഗത്തേക്കു പോകണമെന്നറിയാതെ കുഴങ്ങുന്നവരുണ്ട്. മേൽപാലം, അടിപ്പാത, സർവീസ് റോഡ്, പ്രധാന പാത എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ സംഭവിക്കുന്നുണ്ട്.

മാറ്റാതെ നിർമാണ അവശിഷ്ടങ്ങൾ

റോഡരികിൽ വൈദ്യുതി തൂണുകൾ മാറ്റിയെങ്കിലും പല ഇടങ്ങളിലും സ്റ്റേ വയറുകളുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ സ്റ്റേവയറിൽ കുടുങ്ങി വീഴാനുള്ള സാധ്യത ഏറെയാണ്. ടാറിങ് പൂർത്തിയാകാത്ത ഉരുളൻ കരിങ്കൽ ചീളുകൾ ഭാഗികമായി ഉറപ്പിച്ച റോഡിലൂടെയും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ടയറിൽ തറച്ചു വാഹനം വഴിയിൽ ആകുന്നതും പതിവായി. മഴയെത്തും മുൻപ് റോഡ് പാ‍ർശ്വഭിത്തി ഉൾപ്പെടെ ഉറപ്പിച്ചില്ലെങ്കിൽ വാഹനങ്ങളുടെ പോക്കു വരവ് അപകടത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!